Sorry, you need to enable JavaScript to visit this website.

ഇത് വെറും തള്ള് ബജറ്റ്-പ്രതിപക്ഷം 

ിരുവനന്തപുരം- എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ ബജറ്റുകളില്‍ നൂറു കണക്കിന് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയമായതുകൊണ്ട് കുറേകൂടി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റ് അവതരണത്തിലൂടെ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അത് നടന്നില്ല. ഇപ്പോള്‍ ഡിജിറ്റല്‍ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പറയുന്നത്. ചുരുക്കത്തില്‍ കേരളത്തിലുള്ളവര്‍ക്കെല്ലാം തൊഴില്‍ നല്‍കി തമിഴ്‌നാട്ടിലുള്ളവര്‍ക്കു കൂടി തൊഴില്‍ നല്‍കുന്ന പ്രഖ്യാപനമാണ് ഐസക്ക് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ധനമന്ത്രി അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റ് രാഷ്ട്രീയ അധാര്‍മികതയും തെറ്റായ നടപടിയുമാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്ന സര്‍ക്കാരിന് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.നിറം പിടിപ്പിച്ച നുണകള്‍ നിരത്തി എല്‍.ഡി.എഫിന്റെ പ്രകടന പത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി സഭയില്‍ ചെയ്തതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.കോവിഡ് ബാധിതര്‍, മടങ്ങിയെത്തിയ പ്രവാസികള്‍ യുവജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രതീക്ഷിക്കന്‍ ഒന്നും ബജറ്റിലില്ല. യുവാക്കളെ പൂര്‍ണമായും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. പണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ പോകുന്നതിന്റെ കൂട്ടത്തില്‍ ഐസക്ക് നല്ല അസ്സല്‍ തള്ള് നടത്തുകയാണെന്നാണ് മുസ്‌ലിം ലീഗ് എം.പി കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മൂന്നര ലക്ഷം കോടിയുടെ കടം വരുത്തി വെച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ കാര്യമായൊന്നും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 

Latest News