സൗദിയില്‍ വ്യക്തികള്‍ക്കും ഇനി കാര്‍ വാടകക്ക് നല്‍കാം

റിയാദ് - സൗദിയില്‍ കാറുകള്‍ വാടകക്ക് നല്‍കാന്‍ വ്യക്തികള്‍ക്ക് അവസരമൊരുങ്ങി. ഇതുവരെ ലൈസന്‍സുള്ള റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ വഴി കാറുകള്‍ വാടകക്ക് നല്‍കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കാറുകള്‍ ആവശ്യക്കാര്‍ക്ക് വാടകക്ക് നല്‍കുന്നതിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ആപ്പ് കമ്പനിക്ക് ഗതാഗത മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സ് ലഭിച്ചു. സൗദിയില്‍ ഇത്തരത്തില്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ ആപ്പ് കമ്പനിയാണിത്. 'ശാരിക്' എന്നാണ് ആപ്പിന് നാമകരണം ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലൈസന്‍സ് ലഭിച്ച വിവരം ട്വിറ്റര്‍ അക്കൗണ്ടു വഴി 'ശാരിക്' ആപ്പ് കമ്പനി തന്നെയാണ് അറിയിച്ചത്. ഗതാഗത മന്ത്രാലയത്തിനും വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ജാസിറിനും പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹിനും 'ഇല്‍മ്' കമ്പനിക്കും നന്ദി പ്രകടിപ്പിക്കുന്നതായും 'ശാരിക്' ആപ്പ് കമ്പനി പറഞ്ഞു.

 

Latest News