തിരുവനന്തപുരം- സാംസ്‌കാരിക മേഖലയ്ക്ക് 157 കോടി രൂപ കേരള ബജറ്റിൽ ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചു. വിവിധ അക്കാദമികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം പണം വകയിരുത്തി. ശ്രദ്ധേയമായ ചില നൂതന സ്‌കീമുകൾ ഇവയാണ്:
* വനിതാ സംവിധായകരുടെ പ്രോത്സാഹനത്തിന് 3 കോടി രൂപയും പട്ടികവിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് 2 കോടി രൂപയും വകയിരുത്തുന്നു. ഒരാൾക്കു നൽകുന്ന ധനസഹായം 50 ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.
* അമച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ വകയിരുത്തുന്നു. ഒരു നാടകത്തിന് പരമാവധി 5 ലക്ഷം രൂപയാണ് നൽകുക. പ്രൊഫഷണൽ നാടകങ്ങൾക്ക് 2 കോടി രൂപ വകയിരുത്തുന്നു.
* ജനപങ്കാളിത്തത്തോടു കൂടി പുരാവസ്തുരേഖകൾ ഡിജിറ്റലൈസ് ചെയ്യന്നതിനും സംരക്ഷിക്കുന്നതിനും ഒരു സ്‌കീം ആരംഭിക്കുന്നതാണ്.
* മലയാളം മിഷന് 4 കോടി രൂപ അധികമായി വകയിരുത്തുന്നു.
* കൊച്ചി കടവന്ത്രയിൽ ഒരു സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ സെന്റർ ആരംഭിക്കുന്നതാണ്.
* കലാകാരന്മാരുടെ വാസനയും നൈപുണിയും പ്രോത്സാഹിപ്പിക്കുന്നതിനും അന്തർദേശീയ കലാകമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറൽ ആർട് ഹബുകൾ തുടങ്ങുന്നതാണ്.
* സാംസ്‌ക്കാരികത്തെരുവ്/പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിന് സ്‌കീം ആരംഭിക്കുന്നതാണ്.
* ഗെയിമിംഗ് ആനിമേഷൻ ഹാബിറ്റാറ്റ് ആരംഭിക്കും.
* യുവ കലാകാരന്മാർക്കുള്ള 1000 ഫെലോഷിപ്പ് തുടരും.
* ഫീൽഡ് ആർക്കിയോളജിയ്ക്ക് 5 കോടി രൂപ അനുവദിക്കുന്നു.
* സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഒരു സാഹിത്യ മ്യൂസിയം നിർമ്മിക്കും.
* കിളിമാനൂർ െ്രെപവറ്റ് ബസ് സ്റ്റാന്റിനു സമീപം രാജാരവിവർമ്മയുടെ സ്മാരകമായി അന്തർദേശീയ നിലവാരത്തിലുള്ള ആർട്ടിസ്റ്റ് സ്‌ക്വയർ നിർമ്മിക്കും. ലളിതകലാ അക്കാദമിയുടെ ചുമതലയിലായിരിക്കും ഇത് നടപ്പാക്കുക.
* തിരുവിതാംകൂർ, കൊച്ചി നിയമസഭാ അംഗങ്ങളായിരുന്നിട്ടുള്ള പട്ടികജാതിപട്ടികവർഗ്ഗ വിഭാഗത്തിലെ നവോത്ഥാനനായകർക്കെല്ലാം അവരുടെ നാട്ടിൽ സ്മാരകം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ വീതം അനുവദിക്കുന്നു. നിലവിലുള്ള ലൈബ്രറി പോലുള്ള സ്ഥാപനങ്ങളെ പുനർനാമകരണം ചെയ്ത് വിപുലീകരിക്കുന്നതാകും ഉത്തമം.
* കേരളത്തിലെ ഏറ്റവും പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സമുചിതമായ സ്മാരകം നിർമ്മിക്കുന്നതിലേയ്ക്ക് 5 കോടി രൂപ അനുവദിക്കുന്നു.
* ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാണ്. അവിടെ മലയാള കവിതകളുടെ ദൃശ്യശ്രവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് 2 കോടി രൂപ ട്രസ്റ്റിന് അനുവദിക്കുന്നു.
* കെ.പി.എ.സിയുടെ നാടക ചരിത്ര പ്രദർശന സ്ഥിരംവേദി ഒരുക്കുന്നതിന് 1 കോടി രൂപ അനുവദിക്കുന്നു.
* കൂനമ്മാവിലെ 175 വർഷം പഴക്കമുള്ള ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്റെ ആസ്ഥാനം മ്യൂസിയമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.
* സൂര്യ ഫെസ്റ്റിവൽ, തൃശ്ശൂരിലെ ഹൈദരാലി കഥകളി അക്കാദമി, ഉമ്പായി മ്യൂസിക് അക്കാദമി എന്നിവർക്ക് 50 ലക്ഷം രൂപ വീതം അനുവദിക്കുന്നു.
* തൃശ്ശൂരിൽ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിന് 25 ലക്ഷം രൂപ അനുവദിക്കുന്നു.
* സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിലുളള ലൈബ്രേറിയൻമാരുടെ മാസ അലവൻസ് 1000 രൂപ വർദ്ധിപ്പിക്കുന്നു.