തിരുവനന്തപുരം- സ്‌പോർട്‌സിനും യുവജനക്ഷേമത്തിനും കൂടി കേരള ബജറ്റിൽ 120 കോടി രൂപ വകയിരുത്തി. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 762 കോടി രൂപയുടെ 44 സ്‌പോർട്‌സ് സ്‌റ്റേഡിയങ്ങളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. സ്‌പോർട്‌സ് കൗൺസിലിന് 33 കോടി രൂപ വകയിരുത്തി. ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തിന്റെയും പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിന്റെയും നിർമ്മാണം അടിയന്തരമായി ആരംഭിക്കും.
ഗ്രാമീണ കളിക്കളങ്ങൾ പുനരുദ്ധരിക്കുന്നതിനുവേണ്ടി 30 കോടി രൂപ പ്രത്യേകമായി വകയിരുത്തുന്നു. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളോ എംഎൽഎ വികസന ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ്പ് വഴിയോ പകുതി ചെലവ് വഹിക്കണം. പരമാവധി 25 ലക്ഷം രൂപയാണ് ഈ സ്‌കീം പ്രകാരം ലഭ്യമാക്കുക.
എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജനങ്ങൾക്ക് ഒത്തുകൂടുന്നതിനും ലഘുവ്യായാമം ചെയ്യുന്നതിനും പാർക്ക് പോലുള്ള പൊതുയിടങ്ങൾ ഉണ്ടാക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു. പരമാവധി 5 ലക്ഷം രൂപയാണ് അനുവദിക്കുക. പകുതി പണം പ്രാദേശികമായി കണ്ടെത്തണം.






