തിരുവനന്തപുരം- സർവ്വകലാശാലകൾക്കുള്ളിൽ, 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററുകളും സ്‌കൂളുകളും സ്ഥാപിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഏറ്റവും പ്രഗത്ഭരായ വിദഗ്ധരെയോ പണ്ഡിതന്മാരെയോ സേർച്ച് കമ്മിറ്റി വഴി ദേശീയതലത്തിൽ നിന്ന് തിരഞ്ഞെടുത്തതിനു ശേഷം മാത്രമായിരിക്കും ഈ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങൾ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ഈ പ്രഗത്ഭമേധാവികളുടെ കൂടി സജീവ പങ്കാളിത്തത്തിലായിരിക്കും സ്‌കൂളുകൾ രൂപാന്തരപ്പെടുക. ഇപ്രകാരം ആരംഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലെ ശാസ്ത്ര പ്രതിഭകളായ എം.ജി.കെ. മേനോൻ, ഇ.സി.ജി. സുദർശനൻ, ഇ.കെ. അയ്യങ്കാർ, ബി.സി. ശേഖർ, ജി.എൻ. രാമചന്ദ്രൻ, അന്നാമാണി, പി.കെ. മേനോൻ, ആർ.എസ്. കൃഷ്ണൻ, പി.ആർ. പിഷാരഡി, ഇ.കെ. ജാനകിയമ്മാൾ, കെ.ആർ. രാമനാഥൻ, ഗോപിനാഥ് കർത്ത, എം.കെ. വൈനു ബാപ്പു തുടങ്ങിയവരുടെയും ദേശീയതലത്തിലെ ശാസ്ത്രപ്രതിഭകളുടെയും പേരിലായിരിക്കും അറിയപ്പെടുക.
ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ട്രാൻസ്ലേഷണൽ റിസർച്ച് സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ കൃഷിയും വ്യവസായവുമായി ബന്ധിപ്പിക്കുന്നതിനുള്ള ശാസ്ത്ര പ്രവർത്തനങ്ങളായിരിക്കും ഇവിടെ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.