തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. അഭ്യസ്തവിദ്യര്‍ക്ക് അഞ്ച് ലക്ഷവും മറ്റുള്ളവര്‍ക്ക് മൂന്ന് ലക്ഷവും ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റില്‍ മന്ത്രി പറഞ്ഞു.
തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ബജറ്റാണിത്. പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണു മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്ന ബജറ്റാണെന്നും നികുതി വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഐസക് അവകശപ്പെട്ടു. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും
15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും
നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി
കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി
നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയര്‍ത്തി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 1000 കോടി






