Sorry, you need to enable JavaScript to visit this website.
Monday , March   08, 2021
Monday , March   08, 2021

തൊഴിൽ നിയമ പരിഷ്‌കരണത്തിൽ നിങ്ങൾക്കുമാവാം നിർദേശം

സൗദി അറേബ്യയിലേക്ക് വിദേശ തൊഴിലാളികളുടെ കുടിയേറ്റം തുടങ്ങിയ കാലം മുതലേ തൊഴിലാളി, തൊഴിലുടമ ബന്ധത്തിൽ കാലാനുസൃത മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കാതലായ മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അര നൂറ്റാണ്ടിലേെറക്കാലത്തെ പാരമ്പര്യം സൗദി തൊഴിൽ നിയമങ്ങൾക്കുണ്ടെങ്കിലും തൊഴിലുടമ, തൊഴിലാളി ബന്ധം സുതാര്യമല്ലെന്ന ആരോപണത്തിന് സൗദി എന്നും വിധേയമായിരുന്നു. അത്തരം ആരോപണങ്ങളുടെ മുന ഒടിക്കുന്ന പരിഷ്‌കരണമാണ് തൊഴിൽ രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. 
തൊഴിൽ മന്ത്രാലയത്തിന്റെ പേരു തന്നെ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം എന്നാക്കി മാറ്റിയാണ് തൊഴിൽ നിയമ പരിഷ്‌കരണം നടപ്പാക്കാൻ പോകുന്നത്. മാർച്ചിൽ വരാൻ പോകുന്ന പരിഷ്‌കരിക്കപ്പെട്ട പുതിയ നിയമം അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളോട് കിടപിടിക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം ആരാഞ്ഞ് നിയമമാക്കുകയെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് പരിഷ്‌കരണ നിർദേശങ്ങൾ ഇപ്പോൾ ചർച്ചക്കു വിധേയമായിട്ടുള്ളത്. ഈ ചർച്ചയിൽ ആർക്കും പങ്കെടുക്കാമെന്നതും നിർദേശങ്ങൾ സമർപ്പിക്കാമെന്നതും പുതിയ നിയമ ഭേദഗതിയെ കൂടുതൽ മികവുറ്റതാക്കും. അതിനായുള്ള സമയാണിപ്പോൾ നാം ഓരോരുത്തർക്കും കൈവന്നിട്ടുള്ളത്. ആർക്കും ഭേദഗതി നിർദേശങ്ങൾ മുന്നോട്ടു വെക്കാമെന്ന അറിയിപ്പോടു കൂടി മന്ത്രാലയം ഏവരുടേയും നിർദേശങ്ങൾ സ്വാഗതം ചെയ്തിരിക്കുകയാണ്. 
ഫെബ്രുവരി ആറു വരെ നിർദേശങ്ങൾ സമർപ്പിക്കാം. ഈ അവസരം തൊഴിലാളികളും തൊഴിൽ നിയമ വിദഗ്ധരുമെല്ലാം പരമാവധി പ്രയോജനപ്പെടുത്തണം. സാധാരണ തൊഴിലാളികൾക്ക് ഒരു പക്ഷേ അഭിപ്രായങ്ങൾ യഥാസമയം രേഖപ്പെടുത്താൻ സമയവും അതിനുള്ള സാധ്യതകളും കിട്ടിക്കൊള്ളണമെന്നില്ല. ഇതു കണക്കിലെടുത്ത് ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരും പ്രവാസി സംഘടനകളുമെല്ലാം കാര്യങ്ങൾ വിശദമായി പഠിക്കുകയും നിർദേശങ്ങൾ സമർപ്പിക്കാൻ ശ്രമിക്കുകയും വേണം. തൊഴിലാളികൾക്ക് ഗുണകരമായ ഒട്ടേറെ നിർദേശങ്ങൾ ഭേദഗതി നിയമത്തിലുണ്ട്. ചില കാര്യങ്ങളിൽ പോരായ്മകളും കൂട്ടിച്ചേർക്കലുകളും ആവശ്യമാണ്. അതിലേക്കാണ് നിർദേശങ്ങൾ ക്ഷണിച്ചിട്ടുള്ളത്. 
ആകർഷകമായ തൊഴിൽ വിപണി,  തൊഴിൽ ശേഷിയുടെ ശാക്തീകരണം, മത്സര ക്ഷമത,  തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ എന്നിവക്കു സഹായകമാവുന്നതാണ് പുതിയ പരിഷ്‌കാരങ്ങൾ. കരാർ അവസാനിച്ച ശേഷം തൊഴിൽ മാറ്റവും എക്‌സിറ്റും റീ എൻട്രിയും സാധ്യമാവുമെന്നത് വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ്. കരാർ പൂർത്തിയാക്കിയാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടാമെന്നതും തൊഴിൽ മാറാമെന്നതും  ഇതിനു പുറമെ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ വിദേശ യാത്ര നടത്താമെന്നതും തൊഴിൽ രംഗത്ത് വൻ പരിവർത്തനത്തിനു സഹായകമാവും. ഇതു തൊഴിലാളികൾക്ക് ഗുണകരമായ കാര്യങ്ങളാണെങ്കിൽ നിലവിലെ ആനുകൂല്യങ്ങളിൽ ചിലതിൽ ചെറിയ മാറ്റങ്ങൾ വരുന്നുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അതിൽ പ്രധാനം റീ എൻട്രി ഫീസ് ഇനി മുതൽ തൊഴിലാളികൾ വഹിക്കേണ്ടി വരുമെന്നതാണ്. ഇതുവരെ തൊഴിലുടമയായിരുന്നു റീ എൻട്രി ഫീസ് വഹിച്ചിരുന്നത്. 
അവധിക്കു നാട്ടിൽ പോകുമ്പോൾ എത്ര മാസമാണോ അവധി എടുക്കുന്നത് ആ കാലയളവിലേക്ക് ആവശ്യമായ ഫീസ് തൊഴിലാളിയിൽനിന്നു തന്നെ ഈടാക്കാമെന്നാണ് പുതിയ തൊഴിൽ നിയമത്തിൽ നിർദേശിച്ചിട്ടുള്ളത്. ഇതു തൊഴിലാളികൾക്ക് നഷ്ടമുണ്ടാക്കുന്ന നിർദേശമാണ്. ഏറ്റവും കുറഞ്ഞത് റീ എൻട്രി ഫീസായി  ഈടാക്കുന്നത് രണ്ടു മാസത്തെ നിശ്ചിത തുകയായ 200 റിയാലാണ്. അതിൽ കൂടുതൽ മാസം വേണമെങ്കിൽ ഓരോ മാസത്തേക്കും നൂറ് റിയാൽ വീതം അധികമായി നൽകണം. ഇക്കാര്യത്തിലുൾപ്പെടെ നിർദേശങ്ങൾ തൊഴിലാളികൾക്കു സമർപ്പിക്കാവുന്നതാണ്. അതിനാണ് ഫെബ്രുവരി ആറു വരെ സമയം അനുവദിച്ചിരിക്കുന്നത്. മാർച്ച് മുതൽ പ്രാബല്യത്തിലാവുന്ന നിയമ ഭേദഗതിയിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും അവസരമുണ്ടെന്ന് തൊഴിൽ മന്ത്രി അഹമ്മദ് അൽറാജ്ഹി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയുടെ വളർച്ച ലക്ഷ്യമിടുന്നതോടൊപ്പം തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു. 
പുതിയ തൊഴിൽ നിയമത്തിലെ തൊഴിൽ കരാറിന്റെ പ്രാധാന്യം എടുത്തുപറയേണ്ട ഒന്നാണ്. എഴുതപ്പെട്ട നിശ്ചിത കാലാവധിയുള്ള തൊഴിൽ കരാറുകൾ നിർബന്ധമാണെന്നും കരാർ എഴുതിയിട്ടില്ലെങ്കിൽ ജോലിക്കു ചേർന്ന് ഒരു വർഷം കരാർ കാലാവധിയായി കണക്കാക്കി പൂർത്തിയാകുന്നതോടെ പുതുക്കേണ്ടിവരുമെന്നും തൊഴിൽ നിയമം അനുശാസിക്കുന്നു. തൊഴിൽ കരാറുകൾ ഗോസി, അബ്ശിർ വഴി അംഗീകരിക്കപ്പെടുകയും വേണമെന്നും നിർദേശമുണ്ട്. ഇത് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. നിലവിലും കരാർ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതു ശരിയാംവണ്ണം പാലിക്കപ്പെടാത്തത് പലവിധ തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. അതിനു തടയിടാൻ ഈ പരിഷ്‌കരണം ഉപകരിക്കും. തൊഴിലാളികൾക്കിടയിൽ ലിംഗ, വർഗ, നിറം, വയസ്സ്, സാമൂഹികാവസ്ഥ എന്നിങ്ങനെ വിവേചനം പാടില്ല. നിയമനം നിയമാനുസൃതമായിരിക്കണം. താമസ സ്ഥലവും തൊഴിൽ സ്ഥലത്തേക്ക് യാത്രാസൗകര്യവും നൽകൽ, ഇഖാമ എടുക്കൽ, പുതുക്കൽ, സ്‌പോൺസർഷിപ് മാറ്റം,  പ്രൊഫഷൻ മാറ്റം, മൃതദേഹം നാട്ടിലെത്തിക്കൽ എന്നിവയുടെ ചെലവുകൾ തൊഴിലുടമ വഹിക്കൽ, കരാർ അവസാനിച്ചാൽ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് തൊഴിലുടമ നൽകൽ തുടങ്ങി തൊഴിലാളികൾക്ക് ഗുണകരമായ നിർദേശങ്ങൾ നിരവധിയാണ്. ഇതിൽ പലതും നിലവിലുള്ളതാണെങ്കിലും അതു നടപ്പാക്കാതിരുന്നാൽ തൊഴിലുടമക്ക് ശിക്ഷ കൂടി ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്‌കരണം. തൊഴിൽ കരാർ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും തൊഴിലാളികൾക്ക് ഏറെ ഗുണകരമാണ്. 
സ്ഥാപനം പാപ്പരാവുകയോ അടച്ചുപൂട്ടുകയോ നിശ്ചിത പ്രൊജക്ട് അവസാനിക്കുകയോ ചെയ്താൽ തൊഴിലാളിക്ക് രാജിവെക്കാം. അതിനു മുൻപാണ് രാജിയെങ്കിൽ നിലവിൽ 60 ദിവസം മുൻപ് അറിയിക്കണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി  30 ദിവസമാക്കി കുറച്ചിട്ടുണ്ട്. അതേ സയമയം തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ 60 ദിവസം മുമ്പ് രേഖാമൂലം അറിയിക്കണം. രാജിക്കത്ത് നൽകി 30 ദിവസമായിട്ട് തൊഴിലുടമ മറുപടി തന്നിട്ടില്ലെങ്കിൽ അത് രാജിയായി പരിഗണിക്കപ്പെടുമെന്നതും തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന പുതിയ നിർദേശമാണ്. വനിതാ തൊഴിലാളികൾക്ക് ഇതുവരെ പ്രസവാവധി പത്ത് ആഴ്ചയായിരുന്നത് 14 ആഴ്ചയാക്കി വർധിപ്പിക്കാനുള്ള നിർദേശവും പുതിയ തൊഴിൽ പരിഷ്‌കണത്തെ സമ്പന്നമാക്കുന്നു. 
പുതിയ തൊഴിൽ നിയമ പരിഷ്‌കരണത്തോടെ സ്‌പോൺസർഷിപ് ഇല്ലാതാകുമെന്ന പ്രതീക്ഷക്കു മാത്രമാണ് മങ്ങലേറ്റിട്ടുള്ളത്. പ്രതീക്ഷിച്ചതു പോലുള്ള പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ആ പ്രതീക്ഷക്കു നിറം പകരുന്നതാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പരിഷ്‌കരണ നടപടികൾ. 
ഒരു സ്‌പോൺസറുടെ കീഴിൽ വന്നാൽ കാലാകാലം അദ്ദേഹത്തിന്റെ കീഴിൽ തന്നെ എല്ലാം സഹിച്ചും ജോലി ചെയ്യണമെന്ന പഴയ കാലത്തെ രീതിയിൽ പുതിയ നിയമത്തോടെ മാറ്റം വരികയാണ്. ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത് കരട് നിർദേശങ്ങൾ മാത്രമാണ്. ഫെബ്രുവരി ആറു വരെയുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും മാർച്ച് പകുതിയോടെ നടപ്പാക്കുന്ന പുതിയ നിയമത്തിന്റെ അന്തിമ രൂപം ഉണ്ടാവുക. 
അതുകൊണ്ട് നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം പാഴാക്കാതിരിക്കാൻ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.
 

Latest News