Sorry, you need to enable JavaScript to visit this website.

പോരാളിയായി പി.ടി തോമസ്, രോഷത്തിൽ തിളച്ച് മുഖ്യമന്ത്രി, ആവേശം കയറി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനോട് വാക്കുകൊണ്ടും നോക്കു കൊണ്ടും ഏറ്റുമുട്ടണമെങ്കിൽ സാധാരാണ ആന്തരിക രാഷ്ട്രീയ ഊർജമൊന്നും  പോര.  തനിക്കത് സാധ്യമെന്ന് കോൺഗ്രസിലെ പി.ടി തോമസ് ഒരിക്കൽ കൂടി തെളിയിച്ചു. ശാരീരിക ആരോഗ്യം അത്രയൊന്നും നല്ല അവസ്ഥയിലല്ലെങ്കിലും പോരു വിളിച്ച് പൊരുതാനുള്ള കോൺഗ്രസ് രാഷ്ട്രീയ ഊർജം തന്നിലിപ്പോഴുമുണ്ടെന്ന് രാഷ്ട്രീയ എതിരാളികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു തോമസിന്റെ  പോരാട്ടം.


സ്വർണക്കടത്ത് ചർച്ചയ്ക്കിടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ നടന്ന നിയമസഭ  വാക്പോര് ഉശിരും ആവേശവുമുള്ളതായി. പുത്രീവാത്സല്യത്താൽ അന്ധനായി അങ്ങ് കേരളത്തെ നശിപ്പിക്കരുതെന്ന പി.ടി. തോമസിന്റെ പരാമർശം മുഖ്യമന്ത്രിയെ ശരിക്കും രോഷാകുലനാക്കിയത് സ്വാഭാവികം.   മര്യാദയില്ലാത്ത വാക്കുകളാണ് പി.ടി. തോമസിന്റേതെന്ന് മുഖ്യമന്ത്രിയുടെ ദേഷ്യം. പൂരപ്പാട്ടിനുള്ള സ്ഥലമല്ല സഭയെന്ന്  ഓർമവേണം- തന്റെ കൈകൾ ശുദ്ധമായതുകൊണ്ടാണ് ലാവ്ലിൻ കേസിൽ കോടതി തന്നെ വെറുതെ വിട്ടത്. സ്വർണക്കടത്തിന്റെ അടിവേര് കണ്ടെത്തണമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എം. ശിവശങ്കറിനെതിരെ സർക്കാർ നടപടിയെടുത്തു. സി.എം. രവീന്ദ്രൻ കുറ്റം ചെയ്തെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടില്ല. രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികല മനസിന്റെ വ്യാമോഹമല്ലാതെ മറ്റൊന്നുമായി മുഖ്യമന്ത്രിക്ക് തോന്നിയിട്ടില്ല. പി.ടി.തോമസിനെതിരെയുള്ള പഴയ ഭൂമിവാങ്ങൽ വിവാദം എന്ന ആയുധവും മുഖ്യമന്ത്രി ഉപയോഗിക്കാതിരുന്നില്ല. എന്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 ന് ഹിന്ദുസ്ഥാൻ ടൈംസിൽ സോണിയ ഗാന്ധി എഴുതിയ ഇടതുപക്ഷ അനുകൂലമെന്ന് വിവരിക്കപ്പെട്ട  ലേഖനം പോലും മുഖ്യമന്ത്രി പ്രയോഗിച്ചു.  

 

മുഖ്യമന്ത്രി പിണറായി വിജയനെ  വ്യക്തിപരമായി കടന്നാക്രമിക്കാൻ പി.ടി.തോമസ് കാണിച്ച ധൈര്യം കോൺഗ്രസിനും അവരുടെ മുന്നണിക്കും നൽകുന്ന ആവേശം വലുതായിരിക്കുമെന്ന് രമേശ് ചെന്നിത്തല , കെ.സി ജോസഫ് എന്നിവരിൽ നിന്നുണ്ടായ ഉടൻ പ്രതികരണം തെളിയിച്ചു.   കേന്ദ്രത്തിന് കത്തെഴുതിയപ്പോൾ മുഖ്യമന്ത്രി  ഇത്രയൊന്നും കരുതിയിരുന്നില്ല.  കേന്ദ്രസംഘത്തിന്റെ പടതന്നെ കേരളത്തിലേക്ക്  നിരനിരയായി വന്നപ്പോൾ മുഖ്യമന്ത്രി ഞെട്ടിപ്പോയി. ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സ്വപ്നയോടൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയപ്പോൾ അത് ചോദ്യം ചെയ്യാനുള്ള ഉളുപ്പ് മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നോയെന്നും പി.ടി. തോമസ്. ഉളുപ്പ് എന്ന പ്രയോഗവും ഒരു തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയെ നോക്കി പറഞ്ഞ ഉളുപ്പ് പ്രയോഗം പി.ടി. തിരിച്ചങ്ങ് കൊടുത്തുവെന്ന് മാത്രം.  ശിവശങ്കറുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം തുടങ്ങുന്നത് വൈദ്യുതി ബോർഡിലിരിക്കെ ലാവ്ലിൻ ഫയൽ ചോർത്തിക്കൊടുത്തുകൊണ്ടാണ്. ടിഷ്യൂപേപ്പർ കാണിച്ചാലും ഒപ്പിട്ടുതരുന്ന മരമണ്ടനാണ് മുഖ്യമന്ത്രിയെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായും പി.ടി. തോമസ് മുറിവിൽ ഉപ്പുതേച്ചു.  മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്ന് സ്വപ്ന എത്തിയിരുന്നോ? അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ കുടുംബത്തെ ചോദ്യം ചെയ്തിരുന്നോ?  പി.ടി. തോമസിന്റെ ക്രോസ് ഫയർ തുടർന്നു കൊണ്ടിരുന്നു. 


രോഷമത്രയും ഉള്ളിലൊതുക്കി മറുപടി തുടങ്ങിയ മുഖ്യമന്ത്രി ,പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി തോമസിനോട് ക്ഷോഭം കൊണ്ടു.   പി.ടി. തോമസിനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് സാധിക്കില്ലെന്ന രാഷ്ട്രീയ മർമ്മത്തിലും മുഖ്യമന്ത്രി പിടിച്ചു നോക്കി.  മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്നാൽ അത് നടക്കില്ല.  കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി കേസിനെ തിരിച്ചുവിടാൻ ശ്രമിച്ചപ്പോഴാണ് കേന്ദ്രത്തിന് കത്തയച്ചത്. പിആർ ഏജൻസിയല്ല പിണറായി വിജയനെ പിണറായി വിജയൻ ആക്കിയതെന്ന കാര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കമ്യൂണിസ്റ്റുകാരനെ ജയിൽ കാണിച്ച് പേടിപ്പിക്കേണ്ട കേട്ടോ- മുഖ്യമന്ത്രിയുടെ താക്കീത്.  വിവാഹത്തലേന്ന് സ്വപ്ന വീട്ടിൽ വന്നിട്ടില്ല. കുടുംബാംഗങ്ങളെ കേസുമായി ബന്ധപ്പെട്ട് ആരും ചോദ്യം ചെയ്തിട്ടുമില്ല-  മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഇതൊരു പ്രത്യേക ജനുസാണെന്ന് മുഖ്യമന്ത്രി സ്വയം പരിചയപ്പെടുത്തി. 


പി.ടി തോമസ് പകർന്നു നൽകിയ ആവേശം നില നിർത്തിയാണ് പ്രതിപക്ഷ നേതാവ് അടിയന്തര പ്രമേയ നോട്ടീസിൽ ഇറങ്ങിപ്പോകും മുമ്പ് നടത്തിയ പ്രസംഗത്തിൽ സംസാരിച്ചത്. താങ്കൾ പ്രത്യേക ജനുസാണ് എന്ന്  പ്രത്യേകം പറയേണ്ടതില്ലല്ലോ എന്ന് ചെന്നിത്തലയുടെ കുത്ത്. ശിവ ശങ്കറിനെ നിയമിച്ചതും, ഐ.എ.എസ് ആക്കിയതും നിങ്ങളല്ലെ ? എന്ന ചെന്നിത്തലയുടെ ചോദ്യത്തിന് മന്ത്രി ഇ.പി ജയരാജന്റെ തിരുത്ത്. ഞങ്ങളല്ല ,  നിങ്ങളാണത് ചെയ്തത്- ശിവശങ്കരനെ മന്ത്രിയും കൈയ്യൊഴിഞ്ഞപ്പോൾ ചെന്നിത്തല വീണ്ടും നേരിട്ടു-നായനാർ സർക്കാരിന്റെ കാലത്താണ്  ശിവശങ്കറിനെ ഐ.എ.എസ് ആക്കാനുള്ള ശുപാർശ പോയത്. എ.കെ. ആന്റണിയുടെ കാലത്ത് അത് നടപ്പാക്കി. ശിവശങ്കറിനെ കൈയ്യൊഴിയാനുള്ള ആവേശം പക്ഷെ മുഖ്യമന്ത്രിയുൾപ്പെടെ ഇ.കെ. ജോസിന്റെ കാര്യത്തിൽ കാണിച്ചില്ല. ആരു പറഞ്ഞു ജോസ് കേസിൽ പ്രതിയാണെന്ന് എന്ന  മുഖ്യമന്ത്രിയുടെ ചോദ്യം ഈ നിലപാടിന് തെളിവായി. മുഖ്യമന്ത്രിയുടെ സ്വയം പ്രശംസ തള്ളായാണ് രമേശ് ചെന്നിത്തലക്ക് തോന്നിയത്. കുറച്ച് മയത്തിലൊക്കെ മതിയെന്ന് പ്രത്യേക ഉപദേശവും. മുഖ്യമന്ത്രി സ്വയം ഇങ്ങനെ അഭിമാനിക്കാതെ മറ്റാരെക്കൊണ്ടെങ്കിലും പറയിപ്പിക്കുന്നതല്ലെ നല്ലത് എന്ന പരിഹാസവും ഇടക്ക് കേട്ടു. ചാനലുകൾക്ക് മുന്നിൽ  താൻ ഒരിക്കലും തന്റെ അച്ഛനെയും അമ്മയെയും പറ്റി പറഞ്ഞ് കരഞ്ഞിട്ടില്ലെന്ന് ഇടക്ക് ഇടപെട്ട രാജേഷിനെ  ഉന്നംവെച്ച് ചെന്നിത്തലയുടെ പരിഹാസം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ജയിലിലേക്ക് പോകുന്ന മുഖ്യമന്ത്രിയായിരിക്കും താങ്കൾ എന്ന് മുഖ്യമന്ത്രിയുടെ  നേരെ വിരൽ ചൂണ്ടിയ പ്രതിപക്ഷ നേതാവ് രണ്ടും കൽപ്പിച്ചാണ്. വാദകോലാഹലങ്ങൾക്കിടയിൽ ക്ഷോഭിച്ച സി.പി.എം അംഗം നൗഷാദിനോട് സ്പീക്കർ പി. ശ്രീ രാമകൃഷ്ണൻ ദേഷ്യപ്പെടുന്നത് കേട്ടു- നൗഷാദ് ബഹളമുണ്ടാക്കാതെ അവിടെയിരിക്കണം.


ഏറ്റവും പുതിയ മത ന്യൂനപക്ഷ രാഷ്ട്രീയവും, സംവരണ വിഷയവുമെല്ലാം ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയ ചർച്ചയുടെ അവസാന ഘട്ടത്തിലും കേട്ടു. ചരിത്രത്തിലിതുവരെ ഇല്ലാത്തവിധം മുഖ്യമന്ത്രി കേരളത്തിൽ വർഗ്ഗീയത വളർത്തിയെന്ന് ഡോ.എം.കെ. മുനീറും, മുന്നോക്ക സംവരണ രാഷ്ട്രീയത്തിന്റെ  പരിപ്പ് ഇവിടെ വേവില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞപ്പോൾ മതനിരപേക്ഷതയുടെ പരിപ്പേ താൻ വേവിക്കാറുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ മറുപടി. 


 

Latest News