റിയാദ്- കൂടുതൽ വാക്‌സിൻ ശേഖരം രാജ്യത്ത് എത്തുന്നതോടെ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും കൊറോണ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ.
സൗദിയിൽ വിതരണം ചെയ്യുന്ന കൊറോണ വാക്‌സിനുകളുടെ സുരക്ഷിതത്വവും ഗുണമേന്മയും പൂർണമായും ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ രാജകുമാരൻ പ്രവിശ്യയിലെ ആരോഗ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
സുരക്ഷിതത്വവും ഉയർന്ന ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്, സൗദിയിൽ എത്തിക്കുന്ന മുഴുവൻ വാക്‌സികളും സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. കൂടുതൽ വാക്‌സിനുകൾ ലഭിക്കുന്ന മുറക്ക് ഉത്തര അതിർത്തി പ്രവിശ്യയിലും മറ്റു പ്രവിശ്യകളിലും വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആകെ അഞ്ചു കോടി റിയാലിന്റെ ആരോഗ്യ പദ്ധതികളാണ് ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഉദ്ഘാടനം ചെയ്തത്.






