Sorry, you need to enable JavaScript to visit this website.

സിറിയൻ സമാധാനം: പ്രതിബന്ധം തീർക്കുന്നത്  ഇറാൻ ഭീകരർ - സൗദി വിദേശ മന്ത്രി

റിയാദ് - സിറിയൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള ഏതു പോംവഴികൾക്കും ഇറാനു കീഴിലെ മിലീഷ്യകൾ പ്രതിബന്ധം സൃഷ്ടിക്കുകയാണെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. മോസ്‌കകോയിൽ റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. സിറിയൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനെ കുറിച്ച് റഷ്യൻ വിദേശ മന്ത്രിയുമായി താൻ ചർച്ച നടത്തിയിട്ടുണ്ട്. സിറിയയിൽ ഇറാൻ ഇടപെടലുകൾ അവസാനിപ്പിക്കേണ്ടതുണ്ട്. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നിരന്തരം നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും റഷ്യൻ വിദേശ മന്ത്രിയുമായി താൻ സംസാരിച്ചിട്ടുണ്ട്. 
മേഖലയിൽ ഇറാന്റെ ഇടപെടലുകൾ അവസാനിപ്പിക്കേണ്ടതുണ്ട്. മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതക്ക് ഇറാന്റെ പ്രവർത്തനശൈലി ഭീഷണിയാണ്. ഇറാൻ സാങ്കേതികവിദ്യയിലുള്ള ബോട്ടുകൾ ഉപയോഗിച്ച് ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂത്തി മിലീഷ്യകൾ ആക്രമണങ്ങൾ നടത്തുകയാണ്. ഇത് ആഗോള സുരക്ഷക്ക് ഭീഷണിയാണ്. യെമനിൽ മുഴുവൻ രാഷ്ട്രീയ പരിഹാരങ്ങൾക്കും ഹൂത്തികൾ പ്രതിബന്ധം സൃഷ്ടിക്കുകയാണ്. യെമനിൽ രാഷ്ട്രീയ പരിഹാരമുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. ഹൂത്തി മിലീഷ്യകൾക്ക് ഇറാൻ എല്ലാവിധ ആയുധങ്ങളും നൽകുകയാണ്. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News