അമേരിക്കയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടന്ന ജോയെ കൊല്ലാന്‍ തീരുമാനം

കാന്‍ബെറ- അമേരിക്കയിലെ പ്രാവ് പറത്തല്‍ മത്സരത്തിനിടെ 13,000 കിലോ മീറ്റര്‍ പറന്ന് പസഫിക് സമുദ്രം കടന്ന് ഓസ്‌ട്രേലിയയില്‍ എത്തിയ പ്രാവിന് അധികൃതര്‍ മരണശിക്ഷ വിധിച്ചു.

പക്ഷിപ്പനി സാധ്യത കണക്കിലെടുത്താണ് പ്രാവിനെ കൊല്ലാനുളള പദ്ധതി.

ഒക്ടോബര്‍ 29 ന് യു.എസ് സംസ്ഥാനമായ ഒറിഗോണില്‍ നടന്ന മത്സരത്തിനിടെ രക്ഷപ്പെട്ട പ്രാവ് കഴിഞ്ഞ മാസം 26 നാണ് മെല്‍ബണിലെത്തിയത്. കെവിന്‍ സെല്ലി എന്നയാളാണ് അവശനിലയിലായ പ്രാവിനെ കണ്ടെത്തിയത്.
കെവിന്‍ അതിന് അമേരിക്കയിലെ നിയുക്ത പ്രസിഡന്റിന്റെ പേരിട്ടു-ജോ.
ചരക്കുകപ്പലില്‍ കയറിയായിരിക്കാം ഈ പ്രാവ് പസഫിക് സമുദ്രം കടന്നതെന്നാണ് കരുതുന്നത്.
ജോയുടെ വരവ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്വാറന്റൈന്‍,പരിശോധനാ ഉദ്യോഗസ്ഥരും പിന്നാലെ കൂടി.
പ്രാവിനെ പിടികൂടി ഹാജരാക്കാന്‍ കെവിനോട് കഴിഞ്ഞ ദിവസം അധികൃതര്‍ ആവശ്യപ്പെട്ടു.
അമേരിക്കയില്‍ നിന്നാണെങ്കില്‍ പക്ഷിരോഗങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് അധികൃതര്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമീപമെത്തുമ്പോള്‍ പ്രാവ് പറന്നുപോകുന്നുവെന്നാണ് കെവിന്‍ അധികൃതരോട് പറഞ്ഞിരിക്കുന്നത്.

ഒടുവില്‍ പ്രൊഫഷണല്‍ പക്ഷി പിടിത്തക്കാരനെ ഏല്‍പിച്ചിരിക്കയാണ് അധികൃതര്‍.

 

Latest News