Sorry, you need to enable JavaScript to visit this website.

'കൊല്ലാൻ പറയാൻ എളുപ്പമാണ്;  പക്ഷേ ഞങ്ങൾക്കതിന് കഴിയില്ല'

കൊല്ലപ്പെട്ട അബ്ദുൾ ഫത്താഹിന്റെ വീട്ടുകാർ മാപ്പു നൽകിയതിനെ തുടർന്ന് ശിക്ഷയിൽ നിന്ന് മോചിതനായ അബ്ദുൽ വഹാബ്.

മകന്റെ ഘാതകന് മാപ്പു നൽകിയ പിതാവിന്റെ കണ്ണുനീർക്കഥ...

മലപ്പുറം- ഏക മകനെ കൊലപ്പെടുത്തിയ ഘാതകന് മാപ്പു നൽകിയ ഹസൻ കുട്ടിയുടെയും കുടുംബത്തിന്റെയും കണ്ണീരിന് കരുണയുടെ നിറമാണ്. 'അവനെയും കൊല്ലണമെന്ന് പറയാൻ ഞങ്ങൾക്ക് എളുപ്പമാണ്. എന്നാൽ അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടുമോ. മരണത്തിന് മരണം കൊണ്ട് മറുപടി നൽകണമെന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല.' കൂട്ടിലങ്ങാടിയിലെ വീടിന്റെ കോലായയിലിരുന്ന് ഏലാച്ചോല ഹസൻ കുട്ടി ഇതു പറയുമ്പോൾ മകനെ കുറിച്ചുള്ള ഓർമ്മകൾ കണ്ണീരായി കവിളിലേക്കൊഴുകി.
ഏഴു വർഷം മുമ്പാണ് ജിദ്ദയിലെ ഷറഫിയയിൽ വെച്ച് ഹസൻ കുട്ടിയുടെ ഏക മകനായ കൂട്ടിലങ്ങാടി ഏലാച്ചോല അബ്ദുൾ ഫത്താഹ് (36) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സുഹൃത്തിന്റെ മുറിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ ഫത്താഹ് കുത്തേറ്റ് മരിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായി കഴിഞ്ഞ ഏഴു വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്ന സുഹൃത്ത് പരപ്പനങ്ങാടി വള്ളിക്കുന്ന് പെരുവള്ളൂർ കൂമണ്ണ സ്വദേശി കാട്ടീരി അബ്്ദുൾ വഹാബ് (27) കഴിഞ്ഞ ദിവസം ജയിൽ മോചിതനായി നാട്ടിലെത്തി. അബ്്ദുൽ വഹാബിന് കോടതിയുടെ കൊലക്കയറിൽ നിന്ന് മോചനം ലഭിച്ചതാകട്ടെ കൊല്ലപ്പെട്ട ഫത്താഹിന്റെ കുടുംബത്തിന്റെ കാരുണ്യം കൊണ്ടും.
മകന്റെ മരണത്തെ കുറിച്ച് വിഷാദം മൂടിയ ഓർമ്മകളിലൂടെ മാത്രമേ ഹസൻ കുട്ടിക്കും ഭാര്യ ആയിഷക്കും ഫത്താഹിന്റെ ഭാര്യ ഹസീനക്കും ഇപ്പോഴും കടന്നു പോകാനാകൂ. മറവിയിലേക്ക് മൂടാനാകാത്ത ആ വിയോഗം വീണ്ടും ഓർമ്മപ്പെടുത്തുമ്പോൾ വാർധക്യത്തിലേക്ക് കടക്കുന്ന ഹസൻ കുട്ടിയുടെ മനസ്സ്് വിങ്ങും. മിഴികളിൽ വേദനയുടെ മഴ പെയ്യും.

പതിനേഴ് വർഷം സൗദിയിൽ ജോലി ചെയ്ത ഫത്താഹ് 2010 ൽ ലീവിൽ നാട്ടിലെത്തി ജിദ്ദയിലേക്ക് മടങ്ങിയതിന്റെ പിറ്റേന്നാണ് മരണ വാർത്ത കൂട്ടിലങ്ങാടിയിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച നാട്ടിൽ നിന്ന് പോയ മകൻ അവിടെ സുഖമായെത്തിയതിന്റെ വിവരങ്ങൾ ലഭിച്ച് ആശ്വാസത്തിലേക്ക് മടങ്ങിയ ഈ കുടുംബത്തെ പിറ്റേന്ന് തേടി വന്നത് നടുക്കുന്ന ദുരന്ത വാർത്തയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. എന്തോ അപകടത്തിൽ പെട്ട് ആശുപത്രിയിലാണെന്ന വിവരമാണ് ആദ്യം ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിലാണ് സുഹൃത്തുമായുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് മരിക്കുകയായിരുന്നെന്ന വിവരം ലഭിച്ചത്. മദ്യ ലഹരിയിലായിരുന്ന അബ്്ദുൾ വഹാബ് കുപ്പി കൊണ്ട് ഫത്താഹിനെ കുത്തുകയായിരുന്നെന്നാണ് പോലീസ് കേസ്. ആക്രമണം നടന്ന് ഒരാഴ്ചക്കകം ഫത്താഹ് മരിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

മകന്റെ ആകസ്മിക വേർപാട് ഹസൻ കുട്ടിയെയും കുടുംബത്തെയും തളർത്തി. ഫത്താഹിന്റെ മരണത്തെ ഉൾക്കൊള്ളാനാകാതെ ഭാര്യ ഹസീനയും മൂന്നു കുട്ടികളും കരഞ്ഞു. ഫത്താഹ് നിർമിച്ച വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മൂത്ത മകളുടെ വിവാഹം ഫത്താഹ് നാട്ടിലുള്ളപ്പോൾ നടന്നിരുന്നു. രണ്ടാമത്തെ മകളുടെ വിവാഹം നടന്നത് അടുത്തിടെയാണ്. മൂന്നാമത്തെ മകൻ സ്‌കൂൾ വിദ്യാർഥിയാണ്.

കേസിൽ ജയിലിലായിരുന്ന അബ്ദുൾ വഹാബിന്റെ ബന്ധുക്കൾ വധശിക്ഷ ഒഴിവാക്കാനായി ഫത്താഹിന്റെ ബന്ധുക്കളെ ഇടക്കിടെ ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ടയാളുടെ ഭാര്യയും കുടുംബാംഗങ്ങളും മാപ്പു നൽകിയാൽ പ്രതിക്ക് വധശിക്ഷ ഒഴിവാക്കാനാകുമെന്നതിനാൽ വഹാബിന്റെ ബന്ധുക്കൾ അതിനായി പല ശ്രമങ്ങളും നടത്തി. എന്തു തീരുമാനിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു ഫത്താഹിന്റെ കുടുംബം. ഹസൻ കുട്ടിയുടെ സഹോദരൻ ഏലാച്ചോല അലിയുടെ മകനും ജിദ്ദയിലെ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറിയുമായ മുഹമ്മദ് അഷ്‌റഫ് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ ഇടപെട്ടാണ് കേസിന്റെ കാര്യങ്ങൾ നീക്കിയിരുന്നത്.

അബ്ദുൾ വഹാബിന് മാപ്പു നൽകാമെന്ന തീരുമാനത്തിലാണ് ഒടുവിൽ ഈ കുടുംബം എത്തിയത്. ''മരണത്തിന് മരണം കൊണ്ട് പകരം വീട്ടാൻ ആ സുമനസ്സുകൾക്ക് കഴിഞ്ഞില്ല. അവൻ (അബ്്ദുൾ വഹാബ്) ചെറിയ പ്രായമുള്ളവനാണ്. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കൊല്ലാൻ പറയാൻ ഞങ്ങൾക്ക് എളുപ്പമാണ്. എന്നാൽ അതിന് ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒരു പ്രതിഫലവും ഞങ്ങൾ പ്രതീക്ഷിച്ചിട്ടില്ല. എനിക്ക് നഷ്ടപ്പെട്ട മകനു വേണ്ടിയും അവന്റെ കുടുംബത്തിന് വേണ്ടിയും പ്രാർഥിക്കുകയാണ് അവൻ ചെയ്യേണ്ടത്''. ഫത്താഹിന്റെ പിതാവ് പറഞ്ഞു. നിർത്തി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജയിൽ മോചിതനായി നാട്ടിലെത്തിയ അബ്്ദുൾ വഹാബും മാതാവും കൂട്ടിലങ്ങാടിയിലെത്തി ഫത്താഹിന്റെ കുടുംബത്തെ കാണണമെന്ന് ചില ബന്ധുക്കൾ മുഖേന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആരെയും കാണാൻ താൽപര്യമില്ലെന്നും ഇനിയും ഓർമ്മകളെ കുത്തി നോവിക്കരുതെന്നുമാണ് ഈ കുടുംബം നൽകുന്ന മറുപടി. ഒരിക്കലും തിരിച്ചു വരാത്ത ഫത്താഹിന്റെ ഓർമ്മകളെ താലോലിച്ച് പടച്ചവനിൽ സ്വയം സമർപ്പിച്ച് പരിഭവങ്ങളേതുമില്ലാതെ മുന്നോട്ടു ചലിക്കുകയാണ് ഈ കുടുംബം.   

Latest News