'പതിനഞ്ചില്‍ പ്രത്യുല്‍പാദന ശേഷിയുണ്ടല്ലോ,  പിന്നെന്തിന് വിവാഹ പ്രായം കൂട്ടണം?

ഭോപാല്‍-പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിരിക്കേ  കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന  വന്‍ വിവാദമാവുന്നു. 15 വയസുള്ള ഒരു പെണ്‍കുട്ടിക്ക് പോലും പ്രത്യുല്‍പ്പാദന ശേഷിയുണ്ടെന്നതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം  ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത എന്താണെന്നായിരുന്നു  മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ   സജ്ജന്‍ സിംഗ് വര്‍മ്മയുടെ ചോദ്യം. രാജ്യത്ത്  പെണ്‍കുട്ടികളുടെ വിവാഹ പ്രായം  ഉയര്‍ത്തണമെന്ന  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ്   ചൗഹാന്റെ    പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്ന് തിങ്കളാഴ്ച നടന്ന 'നാരി സമ്മാന്‍' പരിപാടിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 
'15 വയസുള്ള ഓരോ പെണ്‍കുട്ടിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തേണ്ടതിന്റെ  ആവശ്യകത എന്താണ്?. മുഖ്യമന്ത്രി ശിവ്‌രാജ്  സിംഗ്  ചൗഹാന്‍ വലിയ ഡോക്ടറായോ?  സജ്ജന്‍ സിംഗ്  ചോദിച്ചു.  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുന്‍ മന്ത്രി കൂടിയായ  സജ്ജന്‍ സിംഗ്  വര്‍മ ആരോപിച്ചു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ പീഡനങ്ങളുടെ എണ്ണത്തില്‍ മധ്യപ്രദേശാണ്  ഒന്നാമത്. ഇത്തരം കേസുകളില്‍ കര്‍ശന നടപടിയെടുക്കുന്നതിനുപകരം മുഖ്യമന്ത്രി കാപട്യം നിറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും സജ്ജന്‍ സിംഗ്  പറഞ്ഞു. 


 

Latest News