കേരളത്തിന്റെ  വൃന്ദാവനം  

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പറുദീസയാണ് കേരളം.  സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള ബേക്കൽ ബീച്ച് മുതൽ തലസ്ഥാന നഗരത്തിനടുത്തുള്ള കോവളം ബീച്ച് വരെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വലിയൊരു ശൃംഖല തന്നെ ഈ കൊച്ചു സംസ്ഥാനത്തിനുണ്ട്. സംസ്ഥാനത്തിന്റെ  വരുമാനത്തിൽ വിനോദ സഞ്ചാര മേഖലയുടെ സംഭാവന വളരെ പ്രധാനമാണ്.  ഈയടുത്ത കാലത്താണ് സംസ്ഥാനം ഭരിക്കുന്നവർ ഈ വ്യവസായത്തിന്റെ സാധ്യത മനസ്സിലാക്കിത്തുടങ്ങിയത്.  വിനോദ സഞ്ചാര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക മന്ത്രാലയവുമുണ്ട്. നാലായിരം കോടി രൂപയാണ് സംസ്ഥാനം ഈ മേഖലയിൽ നിന്ന് പ്രതിവർഷം വരുമാനമുണ്ടാക്കുന്നത്. ഖജനാവിലേക്ക് നികുതിയിനത്തിൽ  മാത്രം അഞ്ഞൂറ് കോടി രൂപ ലഭിക്കുന്നു. ഇന്ത്യയിലെത്തുന്ന സഞ്ചാരികളിൽ 3.32 ശതമാനം മാത്രമാണ് കേരളം കാണാനെത്തുന്നത്. തൊട്ടടുത്ത തമിഴ്‌നാട്ടിൽ പോലും പന്ത്രണ്ട് ശതമാനം വിദേശ യാത്രക്കാർ എത്തിച്ചേരുന്നു. ആഗ്ര, ഗോവ എന്നീ സുപ്രധാന കേന്ദ്രങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നിലാണ്. അതേസമയം ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിൽ കേരളത്തിന്റെ കാര്യം  എത്രയോ ഭേദമാണ്. അരക്കോടിയോളം നാടൻ  ടൂറിസ്റ്റുകൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. അമ്പത് ലക്ഷത്തോളം വരുന്ന ആഭ്യന്തര ടൂറിസ്റ്റുകളുണ്ടെന്ന കണക്ക് ഈ രംഗത്ത് സംസ്ഥാനത്തിന് മുന്നേറ്റം നടത്താനാവുമെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു.
 കൊച്ചു യാത്രകളിലൂടെ ഉല്ലാസം കണ്ടെത്താൻ സഹായിക്കുന്ന നിരവധി സങ്കേതങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടെങ്കിലും പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് പ്രാധാന്യം ഒന്ന് വേറെ തന്നെയാണ്. കേരളത്തിന്റെ വൃന്ദാവനമെന്നാണ് മലമ്പുഴയുടെ അപര നാമം. പാലക്കാട് നഗരത്തിൽ നിന്ന് പത്ത്    കിലോമീറ്റർ അകലെ വശ്യസുന്ദരമായ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നു. നഗരത്തിൽ നിന്ന് ഏറിയാൽ ഇരുപത് മിനിറ്റിനകം ഇവിടെ എത്തിച്ചേരാൻ കഴിയുന്നു.  പാലക്കാട് നഗരത്തിൽ നിന്ന് യഥേഷ്ടം സ്വകാര്യ ബസ് സർവീസുകൾ ഇവിടേക്കുണ്ട്. കേരളത്തിന്റെ പ്രവേശന കവാടത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ ഒലവക്കോട്ട് (പാലക്കാട് ജംഗ്ഷൻ) നിന്ന്  ഇവിടേക്ക് സ്വകാര്യ ബസ് സർവീസുകളുണ്ട്.  ഭാരതപ്പുഴക്ക് കുറുകെ കെട്ടിയ അണയും അനുബന്ധിച്ചുള്ള ഉദ്യാനവുമാണ് മലമ്പുഴയിലെ പ്രധാന  ആകർഷണങ്ങൾ.  പശ്ചിമഘട്ട മലനിരകളോട് ചേർന്ന്  കിടക്കുന്ന ഈ പ്രദേശത്തേക്ക് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഏറെ സമയം ചെലവഴിക്കാതെ എത്തിച്ചേരാനാവുന്നു.  അവധിക്കാലങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ളവരുടെയും  സ്‌കൂൾ - കോളേജ് വിദ്യാർഥികളുടെയും മുതിർന്നവരുടെയും സംഘങ്ങൾ മഴക്കാലം കഴിഞ്ഞാൽ വേനലവധി വരെയുള്ള വർഷത്തിലെ എല്ലാ സീസണിലും ഇവിടെ എത്തിച്ചേരുന്നു. യുവജന സംഘടനകളുടെ സമ്മേളനങ്ങൾ പതിവായി ഇവിടെ നടക്കുന്നു. സംഘങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ താമസിക്കാൻ പാകത്തിൽ പിക്‌നിക് ഹാളും മറ്റു സൗകര്യങ്ങളും സർക്കാർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റേയും സ്വകാര്യ വ്യക്തികളുടേയും നിരവധി അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്. 
കേരളത്തിൽ ജൂൺ പിറക്കുന്നതോടെ മഴ ലഭിച്ചു തുടങ്ങുന്നു. മഴ തുടങ്ങിയാൽ മലയാളികളുടെ യാത്ര കുറയുന്നു.  അപ്പോഴും മലമ്പുഴയിൽ തിരക്കൊഴിയുന്നില്ല. കോയമ്പത്തൂർ, പൊള്ളാച്ചി, മേട്ടുപാളയം, സത്യമംഗലം, പഴനി, മധുര എന്നീ നഗരങ്ങളിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നും നിരവധി പേർ പാലക്കാടിന്റെ ഗ്രാമീണ സൗഹൃദം നുകരാൻ ജൂൺ മുതൽ സെപ്തംബർ വരെ കാലയളവിൽ  ഇവിടെയെത്തിച്ചേരുന്നു. ഉദ്യാനത്തിൽ ചുറ്റിക്കറങ്ങുന്നതിനൊപ്പം സ്വന്തം ഊരിൽ വൈകി മാത്രമെത്തുന്ന  മഴയും കാണാമെന്നതാണ് തമിഴ് സംഘങ്ങളുടെ കമ്പത്തിന് പിറകിൽ.മലമ്പുഴ അണക്കെട്ടിനോട് ചേർന്നുള്ള ഉദ്യാനമാണ് സഞ്ചാരികളുടെ  പ്രധാന ആകർഷണം.  അവധി ദിനങ്ങളിലും വിശേഷാവസരങ്ങളിലും ഇവിടെ വൈദ്യുത ദീപാലങ്കാരങ്ങൾ ഏർപ്പെടുത്താറുണ്ട്. വാരാന്ത്യത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് പതിവുള്ള വൈദ്യുത ദീപാലങ്കാരം.  ശനി, ഞായർ ദിവസങ്ങളിലും ദേശീയ അവധി ദിനങ്ങളിലും വൈകുന്നേരം ഏഴ് മുതൽ വൈദ്യുത ദീപങ്ങൾ പ്രഭ ചൊരിയുന്നു. ഉദ്യാനത്തോട്  ചേർന്നുള്ള വർണ മത്സ്യങ്ങളുടെ ശേഖരത്തോട് കൂടിയ അക്വേറിയവും ഹരം പകരുന്നു. സ്‌നേക് പാർക്കിലെ വൈവിധ്യമാർന്ന പാമ്പ് ശേഖരം വീക്ഷിക്കുന്നതും   കൗതുകകരമാണ്. സമീപത്തുള്ള ജലാശയത്തിൽ ബോട്ടിംഗിനുള്ള സൗകര്യവുമുണ്ട്. ഇവിടെ പെഡൽ ബോട്ടുകളും വാട്ടർ സ്‌കൂട്ടറുകളും റോ ബോട്ടുകളും ലഭ്യമാണ്. കെ.ടി.ഡി.സിയുടെ പതിവ് രീതിയനുസരിച്ച് ബോട്ടിംഗിന് കഴുത്തറുപ്പൻ ചാർജാണ് ഈടാക്കി വരുന്നത്. കാലഹരണപ്പെട്ട ബോട്ടുകളാണ് ടൂറിസ്റ്റുകൾക്കായി ഉപയോഗിക്കുന്നവയിൽ  ഭൂരിഭാഗവും. ജാപ്പനീസ് ഉദ്യാനവും വൈവിധ്യമാർന്ന ജലധാരകളും കുളങ്ങളും തടാകവും കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷിയുടെ ശിൽപവുമെല്ലാം ഉദ്യാനത്തിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. എട്ട് രൂപയാണ് ഉദ്യാനത്തിലേക്കുള്ള പ്രവേശന നിരക്ക്. റോസ് ഗാർഡനിൽ വൈവിധ്യമാർന്ന നൂറ് തരം പൂക്കളുണ്ട്. കുട്ടികൾക്ക് ഹരം പകരാൻ ചിൽഡ്രൻസ് പാർക്കിൽ ടോയ് ട്രെയിനുമുണ്ട്. അടുത്തിടെ ഈ ട്രെയിനിൽ അറ്റകറ്റപ്പണി പൂർത്തിയാക്കി.   ഈ ഉദ്യാനത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വകയായി ഏർപ്പെടുത്തിയ പാസഞ്ചർ  റോപ് വേ ധാരാളം സന്ദർശകരെ ആകർഷിച്ചു വരുന്നുണ്ട്.  തെക്കേ ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ റോപ് വേയാണിത്. വലിയ ചെലവില്ലാതെ ഉദ്യാനത്തിന്റെ ആകാശ നിരീക്ഷണം നടത്താനുള്ള സൗകര്യമുണ്ടെന്നത്  ഇതിന്റെ ആകർഷകത്വം വർധിപ്പിക്കുന്നു. സർക്കാർ  ഗസ്റ്റ് ഹൗസ് മുതൽ കെ.ടി.ഡി.സി ഹോട്ടൽ വരേയും തിരിച്ചുമുള്ള ദൂരത്തിലാണ് ഉദ്യാനത്തിന് മുകളിലൂടെയുള്ള യാത്ര. റോപ് വേയിൽ ആകെയുള്ള 64 കസേരകളിൽ മണിക്കൂറിൽ നാനൂറ് പേർക്ക് യാത്ര ചെയ്യാനാവും. മൊത്തം 625 മീറ്റർ ദൂരമാണ് ഉദ്യാനത്തിലൂടെ റോപ് വേയിലെ യാത്ര. അറുപത് അടി ഉയരത്തിലിരുന്ന് ഉദ്യാനത്തിലെ കാഴ്ചകൾ കണ്ട് രസിക്കാം. ഇരുപത് മിനുറ്റ് നീണ്ടുനിൽക്കുന്ന ആകാശ യാത്ര സഞ്ചാരികൾക്കെല്ലാം അവിസ്മരണീയമായ അനുഭവമാണ്.   കാര്യമൊക്കെ ശരി, കേരളമാണ്. സർക്കാർ ഉദ്യോഗസ്ഥരാണ് മലമ്പുഴ ഉദ്യാനത്തെ നിയന്ത്രിക്കുന്നത്. ഇതിന്റെ കുഴപ്പം മാനേജ്‌മെന്റിലുടനീളം പ്രകടമാണ്. വൈകുന്നേരം ഏഴിന് നിയമപ്രകാരം വാതിലുകളടക്കാൻ കാത്തിരിക്കുന്നവരാണ് ഉദ്യോഗസ്ഥർ. കേരളത്തിന്റെ ഏത് ഭാഗത്തു നിന്നെത്തുന്ന സഞ്ചാരികളായാലും കൊള്ളാം, നിശ്ചിത സമയത്തെത്താൻ സാധിച്ചില്ലെങ്കിൽ മലമ്പുഴ സന്ദർശനം നടക്കില്ലെന്ന് ചുരുക്കം.

Latest News