ട്രംപിന്റെ വിചാരണ ബൈഡന്‍ അധികാരമേറ്റ ശേഷം; സ്വരം മാറ്റി ട്രംപ്

വാഷിംഗ്ടണ്‍- അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന പ്രസിഡന്റായി മാറി ഡോണള്‍ഡ് ട്രംപ്. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.

രാജ്യത്തെ നടുക്കിയ കാപ്പിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ പത്ത് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രസിഡന്റിനെതിരായ നടപടിയെ പിന്തുണച്ചു.  

ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തള്ളിയതോടെയാണ് യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് നടപടികളിലേക്കു കടന്നത്.

ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ സെനറ്റിലാണ് ഇനി വിചാരണ നടക്കേണ്ടത്. ട്രംപിന്റെ നാലു വര്‍ഷത്തെ ഭരണകാലാവധി അവസാനിക്കുന്ന ജനുവരി 20നു മുമ്പ് ഇംപീച്ച്‌മെന്റ് വിചാരണയുണ്ടാവില്ലെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്കണല്‍ വ്യക്തമാക്കിയിട്ടുണ്ട്. സെനറ്റ് കുറ്റവാളിയാണെന്ന് തീരുമാനിച്ചാല്‍ പിന്നീട് മത്സരിക്കുന്നതില്‍നിന്ന് തടയാന്‍ മറ്റൊരു വോട്ടെടുപ്പ് വേണ്ടിവരും.
കുറ്റവിചാരണ പ്രമേയം ജനപ്രതിനിധി സഭ അംഗീകരിച്ചെങ്കിലും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സെനറ്റില്‍ വിചാരണയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ നടപടി സാധ്യമാകൂ.
ഇംപീച്ച്‌മെന്റിന് പിന്നാലെ രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് പ്രസിഡന്റ് ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കാപിറ്റോള്‍ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുതെന്നും ട്രംപ് പറഞ്ഞു.

 

Latest News