Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

നീതിപീഠം ആർക്കൊപ്പം

ഒന്നര മാസത്തിലേറെയായി ദൽഹിയുടെ പ്രാന്ത്രങ്ങൾ കേന്ദ്രീകരിച്ച് രാജ്യത്തെ കർഷകർ നടത്തുന്ന പ്രക്ഷോഭം സുപ്രീം കോടതിയുടെ ഇടപെടലിലൂടെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ കോടതി നടത്തിയ പരാമർശങ്ങളും തീരുമാനങ്ങളും സംശയത്തിനിട നൽകുന്നു. കർഷകർക്കൊപ്പമാണെന്ന സൂചന നൽകിയ ശേഷം സർക്കാരിന്റെ ഇംഗിതം നടപ്പാക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠം എന്ന സംശയം ബലപ്പെടുകയാണ്. തങ്ങളുടെ നിലനിൽപിനും ജീവനോപാധിയുടെ സംരക്ഷണത്തിനും വേണ്ടി തണുപ്പും മഞ്ഞും വകവെക്കാതെ ആഴ്ചകളായി തെരുവിൽ പൊരുതുന്ന കർഷകരുടെ പ്രക്ഷോഭത്തെ കോടതിയുടെ പിൻബലത്തോടെ പൊളിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ തന്ത്രമാണോ നടപ്പായിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നു. സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ ഈ കൗശലത്തിന് നിന്നുകൊടുക്കുകയാണെങ്കിൽ രാജ്യത്തെ നീതിപീഠം വിശ്വാസ്യത വീണ്ടും കളഞ്ഞുകുളിക്കുകയാണെന്ന കാര്യത്തിൽ തർക്കമില്ല. സുപ്രീം കോടതിയുടെ നീക്കത്തിൽ കാര്യമായ സംശയമുള്ളതുകൊണ്ടു തന്നെ കോടതി തീരുമാനത്തിൽനിന്ന് അകലം പാലിക്കുകയാണ് കർഷകരും. കർഷക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് അവർ പറഞ്ഞത് അതുകൊണ്ടാണ്.
തിങ്കളാഴ്ച കർഷക നിയമം മരവിപ്പിച്ചുകൂടേയെന്ന് കേന്ദ്ര സർക്കാരിനോട് ആരായുകയും കർഷകർക്ക് അനുകൂലമായി ചില പരാമർശങ്ങൾ നടത്തുകയും ചെയ്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ചൊവ്വാഴ്ചയായപ്പോൾ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. കർഷക നിയമങ്ങളെക്കുറിച്ച് പഠിക്കാനെന്ന പേരിൽ നിയമങ്ങളുടെ ശക്തരായ അനുകൂലികളെ ഉൾപ്പെടുത്തി സമിതിക്ക് രൂപം നൽകിയിരിക്കുന്നു. അവരുടെ തീരുമാനം എന്തായിരിക്കുമെന്ന കാര്യത്തിൽ വലിയ സംശയമൊന്നും വേണ്ട. നിയമങ്ങൾ കർഷകർക്കും രാജ്യത്തിനും ഗുണകരമാണെന്ന തരത്തിലുള്ള റിപ്പോർട്ടാവും സമിതി കോടതിക്ക് മുമ്പാകെ സമർപ്പിക്കുക. അതിന്റെ ചുവടുപിടിച്ച് കോടതിയിയിൽനിന്ന് എന്തെങ്കിലും ഉത്തരവുണ്ടാവുന്ന പക്ഷം സർക്കാരിന് കാര്യങ്ങൾ എളുപ്പമാവും. സുപ്രീം കോടതി നിയോഗിച്ച സമിതി പോലും കാർഷിക നിയമങ്ങൾക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞ് സർക്കാരിന് രംഗത്തു വരാം. കോടതിയെ പോലും ധിക്കരിച്ച് സമരം നടത്തുകയാണെന്ന് പറഞ്ഞ് പോലീസിനെയോ പട്ടാളത്തെയോ രംഗത്തിറക്കി സമരക്കാരെ തുരത്താം.
വാസ്തവത്തിൽ കർഷക പ്രക്ഷോഭവുമായി സുപ്രീം കോടതി ഇതുവരെ കൈക്കൊണ്ട സമീപനങ്ങളെല്ലാം സർക്കാരിന്റെ താൽപര്യങ്ങൾക്ക് അനുഗുണമായിരുന്നു. നവംബർ അവസാനം ആരംഭിച്ച സമരത്തിന്റെ തുടക്കത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതിയിൽ എത്തിയിരുന്നു. എന്നാൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും അംഗബലവുമുള്ള ഒരു സമൂഹത്തിന്റെ ജീവൽപ്രശ്‌നവുമായി ബന്ധപ്പെട്ടതായിട്ടും ആ ഹരജികൾ പരിഗണിക്കാൻ കോടതി തയാറായില്ല. വിചിത്രമായ ന്യായങ്ങൾ പറഞ്ഞ് അവ നീട്ടിവെക്കുകയായിരുന്നു. ദൽഹിയിലെ കൊടുംതണുപ്പ് സഹിക്കാനാവാതെ സമരം ചെയ്യുന്ന കർഷകർ കുറച്ചുകഴിയുമ്പോൾ എങ്ങനെയങ്കിലും ഒത്തുതീർപ്പിന് വഴങ്ങി തിരിച്ചുപൊയ്‌ക്കൊള്ളുമെന്ന കേന്ദ സർക്കാരിന്റെ കണക്കുകൂട്ടലിന് സഹായമാകുന്നതായിരുന്നു കോടതിയുടെ ആ ഒഴിഞ്ഞുമാറൽ. എന്നാൽ മഞ്ഞും തണുപ്പുമൊന്നും തങ്ങളുടെ ജീവന്മരണ പോരാട്ടത്തിൽനിന്ന് പിന്മാറാൻ കർഷകരെ പ്രേരിപ്പിച്ചില്ല. മാത്രമല്ല, തുടക്കത്തിൽ പഞ്ചാബിൽനിന്നുള്ള കർഷകരായിരുന്നു പ്രക്ഷോഭത്തിനുണ്ടായിരുന്നതെങ്കിൽ പിന്നീട് ഹരിയാന, രാജസ്ഥാൻ, യു.പി, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം നിന്നുള്ള കർഷകർ ദൽഹി പ്രാന്തത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നു. വിവാദമായ മൂന്ന് കർഷക നിയമങ്ങളും പിൻവലിച്ചാലല്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽനിന്ന് ഒരിഞ്ച് പിന്നോട്ടു പോകാൻ അവർ തയാറായില്ല. കർഷകർ എന്തു പറഞ്ഞാലും നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയിൽ സർക്കാരും. എട്ട് തവണ നടന്ന ചർച്ചകളും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് കർഷകർക്കു വേണ്ടി എന്ന തരത്തിൽ കോടതി ആദ്യം ഇടപെടുന്നതും പിന്നീട് സർക്കാരിന് സഹായകമായ തീരുമാനമെടുക്കുന്നതും.
കർഷക സംഘടനാ പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും ഉൾപ്പെടുന്നതാണ് സുപ്രീം കോടതി നിയോഗിച്ച സമിതിയെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. എന്നാൽ സമിതിയിലെ നാല് പേരും വിവാദ കാർഷിക നിയമങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചവരാണെന്നതാണ് വാസ്തവം. കർഷക സംഘടനാ നേതാവ് ഭൂപീന്ദർ സിംഗ് മൻ, സാമ്പത്തിക വിദഗ്ധരായ ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ഗുലാത്തി, ഷേത്കാരി സംഘടനാ നേതവ് അനിൽ ഘൻവാത് എന്നിവരാണ് നാലംഗ സമിതിയിലുള്ളത്. ഇതിൽ പ്രമോദ് കുമാർ ജോഷി പുതിയ കാർഷിക നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഇന്ത്യൻ കാർഷിക രംഗത്തിന് വലിയ തിരിച്ചടിയാവുമെന്നും ആഗോള തലത്തിൽ രാജ്യത്തിന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും ഫിനാൻഷ്യൽ എക്‌സ്പ്രസിൽ ലേഖനമെഴുതിയയാളാണ്. കാർഷിക നിയമങ്ങൾ ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്ന് ലേഖനമെഴുതുകയും അഭിമുഖങ്ങളിൽ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നയാളാണ് അനിൽ ഗുലാത്തി. കാർഷിക നിയമങ്ങൾ പിൻവലിക്കരുതെന്ന പരസ്യമായി നിലപാടെടുത്തയാളാണ് അനിൽ ഘൻവാത്. 
കർഷക പ്രക്ഷോഭത്തിന്റ തുടക്കത്തിൽ പങ്കെടുക്കുകയും പിന്നീട് സ്വന്തം നിലയിൽ സർക്കാരുമായി ചർച്ച നടത്തുകയും ചെയ്തയാളാണ് ഭൂപീന്ദർ സിംഗ് മൻ. ഭേദഗതികളോടെ നിയമങ്ങൾ നടപ്പാക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ പ്രത്യേകമായി പോയി കണ്ട ഭൂപീന്ദർ സിംഗ് മന്നും ഒപ്പമുണ്ടായിരുന്നവരും പറഞ്ഞത്. ഇവരെല്ലാവരും ചേർന്ന് എഴുതുന്ന റിപ്പോർട്ടിൽ ഏതായാലും കർഷകരുടെ താൽപര്യം പ്രതിഫലിക്കില്ല എന്നതുറപ്പ്.
ഒരു കാര്യം വ്യക്തമാണ്, ദൽഹിയിലെ കൊടുംതണുപ്പ് സഹിച്ച് ആഴ്ചകളായി തെരുവിൽ സമരം ചെയ്യുന്നവർ രാജ്യത്തെ യഥാർഥ കർഷകരുടെ പ്രതിനിധികളാണ്. പാടത്ത് പണിയെടുക്കുന്നവർ, മണ്ണിന്റെ മണമറിയുന്നവർ, കളങ്കമില്ലാത്തവർ. ഇത് തങ്ങളുടെ ജീവന്മരണ പോരാട്ടമായതുകൊണ്ടാണ് സർക്കാരിന്റെ എല്ലാ കുതന്ത്രങ്ങളെയും തള്ളി അവർ പ്രക്ഷോഭം തുടരുന്നത്. എന്നാൽ നിയമത്തെ അനുകൂലിച്ചും സർക്കാരിനും വേണ്ടി രംഗത്തു വരുന്നവരാവട്ടെ കൃഷിയുടെ മഹത്വമറിയാത്ത കൊങ്കണ റണാവത്തിനെയും ഹേമമാലിനിയെയും പോലുള്ള സെലിബ്രിറ്റികളും കർഷകൻ പട്ടിണി കിടന്നാലും കോർപറേറ്റുകളുടെ ലാഭം കുറയാതിരിക്കാൻ സിദ്ധാന്തങ്ങൾ ചമയ്ക്കുന്ന സാമ്പത്തിക വിദഗ്ധന്മാരും. ഒരു കിലോ ഉള്ളിക്ക് ഒരു രൂപ പോലും കിട്ടാതെ വന്നപ്പോൾ തന്റെ ഒരു കൃഷിക്കാലത്തെ വിളവ് മുഴുവൻ വിറ്റുകിട്ടിയ 1200 ഓളം രൂപ പ്രധാനമന്ത്രിക്ക് മണിയോർഡർ അയച്ചുകൊടുത്ത് പ്രതിഷേധം പ്രകടിപ്പിച്ച മഹാരാഷ്ട്രയിലെ ഉള്ളി കർഷകന്റെ വ്യഥ അവർക്കറിയില്ല. ഇപ്പോഴത്തെ കാർഷിക നിയമങ്ങൾ നടപ്പാക്കാൻ അനുവദിച്ചാൽ താങ്ങുവിലയില്ലാതെ, പ്രാദേശിക ചന്തകളില്ലാതെ തങ്ങളുടെ ഉൽപന്നങ്ങൾ മുഴുവൻ കുത്തകകൾക്ക് അവർ പറയുന്ന വിലയ്ക്ക് വിൽക്കേണ്ട അവസ്ഥ വന്നേക്കുമെന്ന ഭയമാണ് കർഷകരെ ഏത് പ്രതിസന്ധിയിലും ചുവടുറപ്പിച്ച് നിർത്തുന്നത്.
കൊടുംതണുപ്പിലും ചൂടാറാതെ നിൽക്കുന്ന കർഷക പ്രക്ഷോഭത്തെ പൊളിക്കാൻ കേന്ദ്ര സർക്കാർ പതിനെട്ടടവും പയറ്റിയിരുന്നു. പ്രക്ഷോഭം വൻതോതിൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ഭീതിപ്പെടുത്തലായിരുന്നു ആദ്യം. പിന്നീട് കർഷകരെ പ്രതിപക്ഷ കക്ഷികൾ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്തേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ചു. പോലീസിനെ നിരത്തി വിരട്ടാൻ നോക്കി. ചർച്ചകളിൽ മോഹന വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. അതു കഴിഞ്ഞപ്പോൾ കർഷക സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി സമരം പൊളിക്കാനായി നീക്കം. ഒന്നിലും കർഷകർ വീണില്ല. അപ്പോഴാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഇതിനി സർക്കാരിന്റെ പത്തൊമ്പതാം അടവായിരിക്കുമോ എന്നത് കർഷകരുടെ മാത്രമല്ല ഈ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ന്യായമായ സംശയമാണ്.


 

Latest News