Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

വിജയമന്ത്രങ്ങൾ: മാറ്റമാണ് വിജയത്തിലെത്തിക്കുക

നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും പ്രതികരണങ്ങളിലുമുണ്ടാകുന്ന മാറ്റമാണ് പലപ്പോഴും നമ്മുടെ വിജയം നിശ്ചയിക്കുക. മാറാൻ തയാറാവുക എന്നതിനർഥം വളരാൻ താൽപര്യപ്പെടുക എന്നു കൂടിയാണ്. അതിനാലാണ് മാറ്റം  ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പറയുന്നത്.  മാറ്റം പക്ഷേ പുരോഗതിയിലേക്കും ക്രിയാത്മകതയിലേക്കുമാകണമെന്ന് മാത്രം. സർഗാത്മകമല്ലാത്ത മാറ്റം വ്യക്തിയുടെയും സമൂഹത്തിന്റെയും അധഃപതനത്തിലേക്കാണ് നയിക്കുക. 
ഭാവി സ്വന്തം കരങ്ങളിൽ ഏൽപിക്കപ്പെട്ട ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. അതിനാൽ പ്രതീക്ഷ കൈവിടാതെ പ്രയത്‌നിക്കുക. നിരാശരാവാതെ, തളരാതെ മുന്നോട്ടു പോവുക. നന്മയുടെ വഴിയിൽ, പ്രതീക്ഷയുടെ പാതയിൽ നമ്മെ കാത്തിരിക്കുന്നത് വലിയ വിജയങ്ങളാണ്. 
നമ്മുടെ കാഴ്ചപ്പാടും ധാരണയും വെച്ചാണ് നാമോരോരുത്തരും ലോകം കാണുന്നത്. നിവലിലെ സ്ഥിതി മാറണമെങ്കിൽ നാം മാറിയേ തീരൂ. നാം മാറണമെങ്കിലോ നമ്മുടെ ധാരണകളും കാഴ്ചപ്പാടുകളും മാറേണ്ടത് അത്യാവശ്യമാണ്.  

the measure of intelligence is the ability to change, മാറ്റം വരുത്താനുള്ള കഴിവാണ് ബുദ്ധിശക്തി നിശ്ചയിക്കുന്നത് എന്നാണ് ആൽബർട്ട് ഐൻസ്റ്റിൻ പറഞ്ഞത്. പരിവർത്തനത്തിന്റെ പരാവർത്തനമാണ് വിവേകപൂർണമായ ജീവിത വിജയത്തിലെത്തിക്കുക എന്നാണ് ഇവ്വിഷയകമായ പഠനങ്ങളൊക്കെ അടിവരയിടുന്നത്.

the greatest discovery of all time is that a person can change his future by changing his attitude, ലോക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കണ്ടെത്തൽ, ഒരു വ്യക്തിക്ക് തന്റെ മനോഭാവം മാറ്റിക്കൊണ്ട് തന്റെ ഭാവി മാറ്റാൻ കഴിയും എന്നതാണ്  എന്ന ഓപ്ര വിൻഫ്രെയുടെ വാക്കുകളും ജീവിത വിജയത്തിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്ന കാര്യമാണ് അടയാളപ്പെടുത്തുന്നത്. 

മാറ്റത്തെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും മറ്റുള്ളവരിലേക്കും വ്യവസ്ഥിതിയിലേക്കുമൊക്കെ വിരൽ ചൂണ്ടാനാണ് പലരും മുതിരുക. അവൻ ശരിയല്ല, അവൾ ശരിയല്ല, വ്യവസ്ഥ ശരിയല്ല എന്നൊക്കെ പറയുകയും ആളുകൾക്കും വ്യവസ്ഥകൾക്കുമൊക്കെ മാർക്കിടുകയും ചെയ്യുന്ന ധാരാളമാളുകളെ നമുക്ക് ചുറ്റും കാണാം. അപരരുടെ കുറ്റവും കുറവും നോക്കി നടത്താതെ സ്വയം തിരുത്താനും മാറാനും തയാറാകുന്നവരാണ് വിജയികളെന്നാണ് ചരിത്രം നൽകുന്ന പാഠം. 

yesterday i was clever so i wanted to change the world. today i m wise so i m changing myself, ഇന്നലെ ഞാൻ മിടുക്കനായിരുന്നു. അതിനാൽ ഞാൻ ലോകത്തെ മാറ്റാൻ ആഗ്രഹിച്ചു. ഇന്ന് ഞാൻ വിവേകിയാണ്. അതിനാൽ ഞാൻ എന്നെ തന്നെ മാറ്റുകയാണെന്ന റൂമിയുടെ പ്രശസ്തമായ വാക്കുകൾ ഏറെ ചിന്തോദ്ദീപകമാണ്.  be the change you wish to see in the world, ജനങ്ങളിൽ നിങ്ങൾ കാണാനാഗ്രഹിക്കുന്ന മാറ്റമാവുക എന്ന മഹാത്മജിയുടെ വാക്കുകളും ഏറെക്കുറെ ഇതേ സന്ദേശമാണ് അടയാളപ്പെടുത്തുന്നത്. 

ജീവിതത്തിലെ ശീലങ്ങളും സ്വഭാവങ്ങളും രീതിശാസ്ത്രങ്ങളുമൊക്കെ മാറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല.  എന്നാൽ ലക്ഷ്യബോധവും  കർമസാഫല്യവും സുപ്രധാനമാവുകയും വിജയപാത കൊതിപ്പിക്കുകയും ചെയ്യുമ്പോൾ മാറ്റത്തിന് തയാറാവാതിരിക്കാനാവില്ല.  
'മാറ്റുവിൻ ചട്ടങ്ങളേ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ'  എന്ന കുമാരാനാശാന്റെ വരികൾ സാമൂഹ്യ പരിവർത്തനത്തിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നതെങ്കിലും അന്തസ്സോടെയുള്ള നിലനിൽപ് ഉറപ്പു വരുത്തുവാൻ മാറ്റം അനിവാര്യമായേക്കുമെന്ന് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. 
ജീവിതത്തിൽ മാറ്റം പ്രധാനമാണ്. പക്ഷേ താൽക്കാലിക മാറ്റങ്ങൾ താൽക്കാലിക ആശ്വാസങ്ങൾ മാത്രമേ നൽകൂ. കതിരിൽ നിന്നല്ല വിത്തിൽ നിന്ന് തന്നെ മാറ്റങ്ങളാരംഭിക്കണം. അപ്പോഴാണ് യഥാർഥ മാറ്റത്തിന്റെ മാറ്റൊലി മുറ്റിനിൽക്കുക. സ്വന്തത്തിൽ നിന്നും ആരംഭിച്ച് കുടുംബത്തിലേക്കും സമൂഹത്തിലേക്കുമൊക്കെ പടരുന്ന മാറ്റമാണ് വിപ്ലവമായി നാം വിലയിരുത്തുന്നത്. 

മാറ്റത്തിന്റെ പ്രായോഗിക രീതിശാസ്ത്രം ഗുണകാംക്ഷയുടേതും സ്‌നേഹത്തിന്റേതുമാകുമ്പോഴാണ് സമൂഹം വളർന്നു പരിലസിക്കുന്നത്.    കരുണാർദ്രമായ ഒരു തലോടൽ പോലെ സാന്ത്വനത്തിന്റെയും വാത്സല്യത്തിന്റെയും സ്നേഹ പുഷ്പങ്ങൾ പെയ്തിറക്കി മാറ്റം സാക്ഷാൽക്കരിക്കുകയും  പ്രതീക്ഷയുടെയും പ്രത്യാശയുടെയും ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നവരാവുകയും ചെയ്യുമ്പോൾ ജീവിത വിജയം സ്വാഭാവികമായും സംഭവിക്കും.  
പ്രതിസന്ധികൾ അവസരങ്ങളായി മാറുകയും അവസരങ്ങൾ ക്രിയാത്മകമായ മാറ്റങ്ങൾക്കു കൂടി നിമിത്തമാവുകയും ചെയ്യട്ടെ. റോസാചെടിയുടെ മുള്ളുകൾക്കിടയിൽ സുഗന്ധമൂറുന്ന പൂവിരിയും പോലെ, വാകമരത്തിൽ നിറയെ ചോരപ്പൂക്കൾ വിരിയും പോലെ..ശക്തമായ ആഗ്രഹവും ഉറച്ച തീരുമാനവും അതിനുള്ള പരിശ്രമവുമുണ്ടെങ്കിൽ മനുഷ്യന് ഏത് മാറ്റവും സാധ്യമാണ്. മാത്രമല്ല, പലപ്പോഴും   സങ്കൽപത്തിനുമപ്പുറമുള്ള മാറ്റങ്ങളും സാധ്യമാണെന്ന് നാമറിയണം. 


അതിന് നമുക്ക് വേണ്ടത് ശരിയായ മനസ്സും ചിന്തയുമാണ്. മാറേണ്ട സമയത്ത് മാറേണ്ട രൂപത്തിൽ മാറാനുള്ള തന്റേടമാണ് നമ്മുടെ വിജയമന്ത്രം. നമ്മുടെ ഉള്ളിൽ സ്വപ്നങ്ങളും ആർജവവും ഉണ്ടെങ്കിൽ കുഴിച്ചുമൂടപ്പെടുന്നവ പോലും വിത്തുകളാകും. അവ മുളച്ചുപൊങ്ങും. വൈകാരികതയിൽ നിന്നുയരുന്ന വൈരാഗ്യമല്ല വിചിന്തനത്തിൽ നിന്നുയരുന്ന വിവേകമാണ് ഓരോ പുറംതള്ളലിലും പിടിച്ചുനിൽപിന് ബലം നൽകേണ്ടത്. തിരസ്‌കരണങ്ങൾക്ക് മുന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുകൾക്ക് പ്രസക്തിയില്ല; അവഹേളനങ്ങൾക്ക് മുന്നിൽ വളഞ്ഞുപോയ നട്ടെല്ലും പ്രയോജന രഹിതമാണ്. രൂപാന്തരപ്പെടാനുള്ള മനഃസാന്നിധ്യവും ഊർജ സംഭരണ ശേഷിയുമാണ് ഉണ്ടാകേണ്ടത്. സ്വയം വെയിലേറ്റു മഴ നനഞ്ഞ് വളവും വെള്ളവും വലിച്ചെടുത്ത് വിശ്വരൂപം വെളിവാക്കാൻ നാം  ക്ഷമയോടെ പ്രവർത്തിച്ചേ മതിയാകൂ. 


 

Latest News