Sorry, you need to enable JavaScript to visit this website.

മലപ്പുറം കോട്ടക്കുന്ന് പ്രഭാതസവാരിക്കായി തുറന്നു 

മലപ്പുറം- കോവിഡ് വ്യാപനംമൂലം കഴിഞ്ഞ 11 മാസമായി അടഞ്ഞു കിടക്കുന്ന കോട്ടക്കുന്ന് പാർക്ക് പ്രഭാത സവാരിക്കാർക്കായി വീണ്ടും തുറന്നു. ദിവസേന നൂറുകണക്കിന് ആളുകളാണ് പ്രഭാതസവാരിക്കായി ജില്ലാ ആസ്ഥാനത്തെ ഈ ടൂറിസ്റ്റ് കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്. പ്രഭാത സവാരിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നാട്ടുകാർ അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ ജില്ലാ കല്ക്ടറെ കണ്ട് ചർച്ച നടത്തിയതോടെയാണ് അനുമതി ലഭിച്ചത്. പ്രഭാത സവാരി പുനരാരംഭിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിയും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ സി.കെ. ഷഹീർ, മഹ്്മൂദ് കോതേങ്ങൽ, ഷാഫി, ഷജീർ കളപ്പാടൻ, പി.എസ്.എ ഷബീർ, റഊഫ് മാസ്റ്റർ വരിക്കോടൻ, ഹനീഫ് രാജാജി, ഡി.ടി.പി.സി സെക്രട്ടറി ദിനേശൻ എന്നിവർ പങ്കെടുത്തു.
 

Latest News