കോട്ടയം - പാലാ സീറ്റ്് കേരള കോൺഗ്രസ് എമ്മിനു തന്നെയെന്ന സൂചന ശക്തമാകുന്നതിനിടെ രാഷ്ട്രീയ തീരുമാനത്തിലേക്ക്് സിറ്റിംഗ് എം.എൽ.എ മാണി സി കാപ്പൻ. എൻ.സി.പിയുടെ സിറ്റിംഗ് സീറ്റാണെങ്കിലും ഇത് കെ.എം മാണിയുടെ പാർട്ടിക്കു നൽകാനാണ് സി.പി.എം ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലും മുഖ്യമന്ത്രി ഉറപ്പു നൽകാതിരുന്നതോടെ കാപ്പൻ അപകടം മണത്തു. പാലാ മണ്ഡലത്തിൽ എൻ.സി.പിയെക്കാൾ കരുത്ത് കേരള കോൺഗ്രസിനാണെന്നാണ് സിപിഎം കരുതുന്നത്. യു.ഡി.എഫിലെ പടലപ്പിണക്കം മാത്രമാണ് കാപ്പനു വിജയപാത ഒരുക്കിയതെന്നും സി.പി.എം നേതാക്കൾ വിശ്വസിക്കുന്നു. കാപ്പന് 2800 ഓളം വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലായിൽ ആകെ പതിനായിരത്തോളം വോട്ടിന്റെ മേൽക്കൈ ഉണ്ട്. കേരള കോൺഗ്രസ് എമ്മിന്റെ സംഭാവനയാണെന്നാണ് സി.പി.എം കണ്ടെത്തിയിട്ടുളളത്.
എൻ.സി.പിയെ ഇടതുമുന്നണിയിൽ നിലനിർത്തിയുളള സമവാക്യത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. പക്ഷേ പാലായുടെ കാര്യത്തിൽ ഉറപ്പു നൽകാനുമാവില്ല. പാലാ വിഷയമാക്കി എൻ.സി.പി എൽ.ഡി.എഫ്് വിട്ടാലും ശശീന്ദ്രൻ വിഭാഗം തുടരാനാണ് സാധ്യത. കാപ്പനെ കൂടെ നിർത്തി പാലാ സ്വന്തമാക്കാനാണ് കേരള കോൺഗ്രസ് എം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ കാപ്പൻ യു.ഡി.എഫിലേക്ക് പോകാതെയും പകരം സീറ്റ് നൽകിയും അനുനയിപ്പിക്കാനുള്ള ശ്രമമാണ് മുന്നണിയിൽ നടക്കുന്നത്. നേരത്തെ പൂഞ്ഞാർ സീറ്റു വാഗ്ദാനം ചെയ്തിരുന്നു.
പാല ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാൻ സഭാ മേലധ്യക്ഷന്മാരും കാപ്പനെ സമീപിച്ചതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തപ്പോഴും യു.ഡി.എഫിനെ കൈവിട്ട് ജോസ് കെ മാണിയെ പിന്തുണച്ച് പരാമർശങ്ങൾ ഉന്നയിച്ച സഭാ നേതൃത്വം നിയമസഭാ സീറ്റു കാര്യത്തിലും ജോസ് കെ മാണിക്കുവേണ്ടി നിലകൊള്ളുകയാണ്. കാപ്പനു മേൽ സമ്മർദ്ദം ചെലുത്തി പാലാ ജോസിനു കൊടുക്കുകയാണ് ലക്ഷ്യം.
ജോസ് കെ മാണി കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും രാജ്യസഭാ സീറ്റ് രാജി വെച്ചത് തന്നെ പാലായിൽതന്നെ മത്സരിക്കാനാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും രാജി വെച്ചതിനുശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. കെ.എം മാണി മത്സരിച്ച പാലായിൽ തന്നെ ജോസും മത്സരിക്കണമെന്നതാണ് പാർട്ടിയിലെ പൊതുവികാരം. കേരള കോൺഗ്രസ് എം വന്നതു എൽ.ഡി.എഫ് കൂടാരത്തിലെ പൊട്ടിത്തെറിക്ക്് കാരണമായി എന്നുളള ആരോപണം കേൾക്കാൻ പാർട്ടിക്കു താൽപര്യമില്ല. അതിനാലാണ് എൻ.സി.പിയെ അനുനയിപ്പിക്കാൻ സി.പി.എം നേതൃത്വം നേരിട്ടു രംഗത്ത് ഇറങ്ങിയത്.






