വലിയ വിമാനങ്ങൾക്ക് വിലക്ക്; കരിപ്പൂരിന് ഹജ് സർവീസ് നഷ്ടമായി

കരിപ്പൂർ- കരിപ്പൂർ വിമാനത്താവളത്തിന് ഹജ് എംബാർക്കേഷൻ പോയിന്റ് നഷ്ടമാകാൻ കാരണം വലിയ വിമാനങ്ങളുടെ വിലക്ക്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽ വിമാനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് വിലക്ക് വീണത്.
ഹജ് സർവ്വീസിന് വലിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതോടെ ഹജ് സർവ്വീസ് നെടുമ്പാശ്ശേരി മാത്രമായി ചുരുങ്ങി. ഈവർഷം ഇന്ത്യയിൽ 10 ഹജ് എംബാർക്കേഷൻ പോയിന്റുകളാണുള്ളത്. 11 എംബാർക്കേഷൻ പോയിന്റുകൾ കോവിഡ് പാശ്ചാത്തലത്തിൽ ഇത്തവണ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ് തീർത്ഥാടകർ പുറപ്പെടുന്നത് മലബാറിൽ നിന്നാണ്. ആയതിനാലാണ് കരിപ്പൂരിൽ ഹജ് എംബാർക്കേഷൻ പോയിന്റായി പരിഗണിച്ചിരുന്നത്. എന്നാൽ ഹജ് നടപടികൾ ആരംഭിച്ച ഘട്ടത്തിലും കരിപ്പൂരിൽ വലിയ വിമാന സർവീസിന് അനുമതി ലഭിച്ചിട്ടില്ല.


കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഹജ് സർവീസ് പുനരാരംഭിക്കാനാവില്ലെന്നാണ് കേന്ദ്രത്തിൽനിന്ന് ലഭിച്ച വിവരം. കേരളത്തിന് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകരും നെടുമ്പാശ്ശേരി വഴിയാണ് ഹജിന് പോകുന്നത്. കരിപ്പൂരിൽ ഹജ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മത-രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


നെടുമ്പാശ്ശേരിക്ക് പുറമെ ദില്ലി,മുംബൈ,ശ്രീനഗർ,അഹമ്മദാബാദ്,കൊൽക്കത്ത,ലക്‌നൗ,ഗുവാഹതി,ഹൈദരാബാദ്, ബംഗ്ലുരു എന്നിവയാണ് ഇന്ത്യയിലെ ഹജ് എംബാർക്കേഷൻ പോയിന്റുകൾ.കേരളത്തിന്റെ ഹജ് എംബാർക്കേഷൻ പോയിന്റായ കരിപ്പൂരിൽ 2015ൽ റൺവേ റീ-കാർപ്പറ്റിംഗ് പ്രവൃത്തികൾ ആരംഭിച്ചപ്പോൾ വലിയ വിമാനങ്ങൾക്ക് വിലക്കിട്ടിരുന്നു. ഇതോടെയാണ് നെടുമ്പാശ്ശേരിക്ക് ഹജ് സർവീസ് ലഭിച്ചത്. പിന്നീട് വലിയ വിമാനങ്ങൾ തിരിച്ചെത്തിയതോടെ ഹജ് സർവ്വീസും പുനരാരംഭിച്ചു. എന്നാൽ വിമാന അപകടത്തിന്റെ പേരിൽ വീണ്ടും വലിയ വിമാനങ്ങൾ വിലക്കിയത് ഹജ്ജ് സർവ്വീസിന് തിരിച്ചടിയായി.


 

Latest News