ടൂറിസ്റ്റുകള്‍ ഇനി കഞ്ചാവടിക്കേണ്ടെന്ന് ആംസ്റ്റര്‍ഡാം; പാസ്‌പോര്‍ട്ടുമായി വന്നാല്‍ നാട്ടുകാര്‍ക്ക് കിട്ടും

ആംസ്റ്റര്‍ഡാം- ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാം നഗരത്തിന് ലോകത്തിന്റെ കഞ്ചാവ് തലസ്ഥാനം എന്നൊരു ഇരട്ടപ്പേരു കൂടിയുണ്ട്. ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യത്തിന് കഞ്ചാവ് ലഭിക്കുന്ന നിരവധി കോഫീ ഷോപ്പുകള്‍ ഉണ്ടിവിടെ. പല നാടുകളില്‍ നിന്നും ഇവിടേക്ക് ടൂറിസ്റ്റുകള്‍ എത്തുന്നത് തന്നെ കഞ്ചാവടിക്കാന്‍ വേണ്ടി മാത്രമാണ്. കഞ്ചാവ് നിയമ വിരുദ്ധമാണെങ്കിലും അഞ്ചു ഗ്രാമില്‍ കുറഞ്ഞ അളവില്‍ കൈവശം വെക്കാന്‍ ഇവിടെ അനുമതിയുണ്ട്. 1976 മുതല്‍ നിലവിലുള്ള ഇളവാണിത്. അതുകൊണ്ട് തന്നെ ഹഷിഷ്, മരിജുവാന അടക്കമുള്ള മയക്കുമരുന്നുകളുടെ കേന്ദ്രമാണ് ആംസ്റ്റര്‍ഡാം. ഇവിടെ കഞ്ചാവ് ടൂറിസം തഴച്ചു വളരാനും കാരണമിതാണ്. ആസംസ്റ്റര്‍ഡാമിലെത്തുന്ന ടൂറിസ്റ്റുകളില്‍ 58 ശതമാനം പേരും പ്രധാനമായും കഞ്ചാവടിക്കാന്‍ വേണ്ടി മാത്രം വരുന്നവരാണെന്ന് നെതല്‍ലാന്‍ഡ് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ പറയുന്നു. 

സംഘടിത കുറ്റകൃത്യങ്ങളും നിയമവിരുദ്ധ മയക്കുമരുന്നു കച്ചവടവും വര്‍ധിച്ചതോടെ ഇവയ്ക്ക് തടയിടാന്‍ കഞ്ചാവ് ടൂറിസം അവസാനിപ്പിക്കാനാണ് പരിസ്ഥിതിവാദി കൂടിയായ ആംസ്റ്റര്‍ഡാം മേയര്‍ ഫെല്‍കെ ഹല്‍സെമയുടെ തീരുമാനം. ഇതിനു പോലീസിന്റേയും അധികാരികളുടേയും പിന്തുണയും ഉണ്ട്. 

ആംസ്റ്റര്‍ഡാമില്‍ ഇപ്പോള്‍ കഞ്ചാവ് വില്‍ക്കുന്ന 166 കോഫീ ഷോപ്പുകളാണുള്ളത്. 2022 മുതല്‍ പ്രാബല്യത്തിലാകുന്ന കഞ്ചാവ് നിയന്ത്രണം നിലവില്‍ വരുന്നതോടെ പുറത്തു നിന്ന് വരുന്ന ആര്‍ക്കും കഞ്ചാവ് ലഭിക്കില്ല. നാട്ടുകാരായ നെതല്‍ലാന്‍ഡ് പൗരന്മാര്‍ക്കു പോലും സ്വന്തം പാസ്‌പോര്‍ട്ട് കാണിച്ചാലെ കോഫീ ഷോപ്പുകള്‍ കഞ്ചാവ് നല്‍കാവൂ എന്നാണ് വരാനിരിക്കുന്ന ചട്ടം. കഞ്ചാവു കോഫീ ഷോപ്പുകളുടെ എണ്ണം കുറച്ചു കൊണ്ടു വരാനാണ് അധികൃതരുടെ നീക്കം. മറ്റു ചില ഡച്ച് നഗരങ്ങളും ഇതുപോലെ കഞ്ചാവ് വില്‍പ്പന നിയന്ത്രിച്ചിട്ടുണ്ട്. 

നഗരത്തിന്റെ സമ്പന്ന പൈതൃകവും, സാംസ്‌ക്കാരിക സ്ഥാപനങ്ങളും സൗന്ദര്യവുമാണ് ടൂറിസ്റ്റുകളെ ആംസ്റ്റര്‍ഡാമിലേക്ക് ആകര്‍ഷിക്കേണ്ടതെന്നും കഞ്ചാവിന്റെ പേരിലല്ലെന്നും മേയര്‍ പറയുന്നു. അതേസമയം കോഫീ ഷോപ്പുകളില്‍ കഞ്ചാവു വില്‍പ്പന നിര്‍ത്തിയാല്‍ കച്ചവടം പിന്നീട് തെരുവിലായിരിക്കുമെന്നും ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.  

Latest News