മുസ്‌ലീങ്ങള്‍ക്കെതിരെ വിഷം ചീറ്റി  ബി.ജെ.പി എം.എല്‍.എ

ന്യൂദല്‍ഹി-ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും പോലീസിനെയും വിശ്വാസമില്ലാത്ത മുസ്‌ലീങ്ങള്‍  പാക്കിസ്ഥാനിലേക്ക് പോകട്ടേ എന്ന പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ സംഗീത് സോം. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോഴായിരുന്നു എംഎല്‍എ മുസ്‌ലീങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.'നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിംകള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരിലും പോലീസിലും വിശ്വാസമില്ല. അവര്‍ക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല. അവര്‍ക്ക് പാക്കിസ്ഥാനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോകട്ടെ' സോം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിക്കെതിരെയും സംഗീത് സോം വിമര്‍ശനമുന്നയിച്ചു. സോംനാഥ് ഭാരതി കുറച്ച് മാസങ്ങള്‍ ജയിലിലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഗുണ്ടകളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെയും സോം വിമര്‍ശിച്ചു. കെജ്‌രിവാളിന്റെ ബുദ്ധി ദുഷിച്ചതാണെന്നായിരുന്നു പരാമര്‍ശം.പുതിയ കാര്‍ഷിക നിയമങ്ങളെച്ചൊല്ലിയുള്ള കര്‍ഷകരുടെ പ്രക്ഷോഭത്തെയും ബിജെപി നേതാവ് പരിഹസിച്ചു. ധര്‍ണ നടത്തുന്നവരില്‍ ആരും കര്‍ഷകരില്ല. മറിച്ച് അവര്‍ കര്‍ഷക വിരുദ്ധരാണെന്നായിരുന്നു സംഗീത് സോമിന്റെ  ആരോപണം. ചന്ദൗസിയിലെ ആശിഷ് ഗാര്‍ഡനില്‍ ഭാരതീയ ജനത മോര്‍ച്ചയുടെ (ബിജെവൈഎം) പരിപാടിയില്‍ പങ്കെടുക്കാനത്തിയപ്പോഴായിരുന്നു സോമിന്റെ  വിവാദ പരാമര്‍ശങ്ങള്‍.

Latest News