മിശ്ര വിവാഹത്തിന് മുന്നോടിയായി ഇണകള്‍ പേരുവിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി

ലഖ്‌നൗ- വ്യത്യസ്ത മതക്കാര്‍ തമ്മില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് മുന്നോടിയായുള്ള പരസ്യ നോട്ടീസ് പ്രദര്‍ശിപ്പിക്കല്‍ ഇനി നിര്‍ബന്ധമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. മിശ്രവിവാഹം നടത്തുന്നവരുടെ പേരു വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന ഈ നോട്ടീസ് പതിക്കല്‍ വ്യവസ്ഥ വ്യക്തികളുടെ മൗലികാവകാശങ്ങളായ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നു കയറ്റമാണെന്ന് കോടതി വ്യക്തമാക്കി. ഭരണകൂടത്തിന്റെയോ അല്ലാത്തവരുടെയോ ഇടപെടലില്ലാതെ ഇഷ്ടപ്രകാരം വിവാഹം നടത്താനുള്ള ഇണകളുടെ സ്വാതന്ത്ര്യത്തെ ഇതു ബാധിക്കുമെന്നും കോടതി പറഞ്ഞു. 

1954ലെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മിശ്ര വിവാഹത്തിനൊരുങ്ങുന്ന ദമ്പതിമാര്‍ ജില്ലാ മാരേജ് ഓഫീസര്‍ക്ക് രേഖാമൂലം വിവാഹ നോട്ടീസ് നല്‍കണം. ദമ്പതിമാരുടെ പേര്, ജനന തീയതി, മതാപിതാക്കളുടെ വിവരം, തിരിച്ചറിയല്‍ വിവരം അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഈ നോട്ടീസ് ജില്ലാ മാരേജ് ഓഫീസറുടെ കാര്യാലയത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിയമം പറയുന്നുണ്ട്. പതിവു ചട്ടങ്ങള്‍, പ്രായം, മാനസികാരോഗ്യം, സാമുദായിക ആചാരങ്ങള്‍ എന്നിവ സംബന്ധിച്ച് ഇത്തരം വിവാഹങ്ങളില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഒരു മാസത്തിനകം പരാതിയുമായി ആര്‍ക്കു വേണമെങ്കിലും അധികാരികളെ സമീപിക്കാം. പുറത്തു നിന്നുള്ളവര്‍ക്ക് വിവാഹം മുടക്കാന്‍ അവസമൊരുക്കുന്നതാണ് ഈ വ്യവസ്ഥ. ഈ നിബന്ധനയാണ് കോടതി എടുത്തുമാറ്റിയത്. മാരേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുന്ന മാരേജ് നോട്ടീസ് പരസ്യപ്പെടുത്തണോ വേണ്ടയോ എന്നത് ദമ്പതിമാര്‍ക്ക് തീരുമാനിക്കാം. പരസ്യപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചാല്‍ ഓഫീസര്‍ ഇതു പരസ്യപ്പെടുത്തരുതെന്നും വിവാഹത്തിനെതിരെ വരുന്ന എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ വിവാഹം അംഗീകരിച്ചു നല്‍കണമെന്നും ജസ്റ്റിസ് വിവേക് ചൗധരി വിധിച്ചു.

ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ ഹിന്ദു മതം സ്വീകരിച്ച മുസ് ലിം യുവതിയുടെ പരാതിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ പിതാവ് അനുവദിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു യുവതിയുടെ പരാതി. 


 

Latest News