അമേരിക്കയില്‍ മിനിറ്റില്‍ മൂന്ന് കോവിഡ് മരണം ; ചൈനയിലും ആശങ്ക

വാഷിംഗ്ടണ്‍- കോവിഡ് പകര്‍ച്ചവ്യാധിയുടെ ഏറ്റവും ഗുരുതരമായ അവസ്ഥ നേരിടുന്ന അമേരിക്കയില്‍ ഓരോ മിനിറ്റിലും മൂന്ന് പേര്‍ മരിക്കുന്നു. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 91 ദശലക്ഷം കടന്നിരിക്കെ വിവിധ രാജ്യങ്ങള്‍ സാമ്പത്തികമായി കടുത്ത ആഘാതമേല്‍പിക്കുന്ന ലോക്ഡൗണുകള്‍ വീണ്ടും നടപ്പാക്കാന്‍ നിര്‍ബന്ധിതരായി.
കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമേല്‍പിച്ച രാജ്യമാണ് അമേരിക്ക. ചൊവ്വാഴ്ച 4,470 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. ശീതകാലത്തുണ്ടായ അണുബാധ കൂടുതല്‍ വ്യാപിച്ചതിനെ തുടര്‍ന്ന്  പല പ്രദേശങ്ങളിലെയും ആശുപത്രികളെ പ്രതിസന്ധിയിലാക്കി.  2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ആകെ ഉണ്ടായ മരണങ്ങളേക്കാള്‍ കൂടുതലാണ് ചൊവ്വാഴ്ച അമേരിക്കയിലുണ്ടായ മരണം.
ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളിലെത്തിയ  കൊറോണ വൈറസ് രോഗികളെ ഇടനാഴികളിലേക്കും താല്‍ക്കാലിക ഐ.സി.യു കിടക്കകളിലേക്കും പീഡിയാട്രിക് വാര്‍ഡിലേക്കു പോലും മാറ്റിയിരിക്കയാണ്.  ലോകത്തിലെ ഏകദേശം 20 ദശലക്ഷം കൊറോണ വൈറസ് മരണങ്ങളില്‍ അഞ്ചിലൊന്ന് അമേരിക്കയിലാണ്.
ജനുവരി 26 മുതല്‍ വിമാനത്തില്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും പുറപ്പെടുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.
അയല്‍രാജ്യമായ കാനഡയും കടുത്ത ആശങ്കയിലാണ്. ആരോഗ്യസംരക്ഷണ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും ഇനിയുമൊരു പൊട്ടിത്തെറി നേരിടാനാവില്ലെന്നും കാനഡയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഒന്റാറിയോവിലെ പ്രധാനമന്ത്രി  ഡഗ് ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ ഉത്തരവിട്ടിരിക്കയാണ്.
അതിനിടെ, ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപിക്കാതിരിക്കാന്‍ ചൈന ബുധനാഴ്ച നിര്‍ണായക നടപടികള്‍ സ്വീകരിച്ചു.
ലോക്ഡൗണകളിലൂടെയും വിപുലമായ പരിശോധനയിലൂടെയും നിരവധി കര്‍ശന നടപടികളിലൂടെയും കോവിഡ് നിയന്ത്രണത്തിലാക്കിയ ചൈനയില്‍ കഴിഞ്ഞ ആഴ്ചകളില്‍ വീണ്ടും കേസുകള്‍ വര്‍ധിക്കുകയാണ്. തുടര്‍ന്ന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ 20 ദശലക്ഷത്തിലധികം ആളുകളെ വീടിനകത്തുതന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കി. 37.5 ദശലക്ഷം ആളുകള്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ ഹീലോംഗ്ജിയാങ് പ്രവിശ്യയില്‍ 28 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത്യാവശ്യമല്ലെങ്കില്‍ പ്രവിശ്യയില്‍ നിന്ന് പുറത്തുപോകരുതെന്ന് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കയാണ്.
ചാന്ദ്ര പുതുവത്സരാഘോഷത്തിലുണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്ത്  തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കുത്തിവെക്കാനുള്ള നടപടികള്‍ ചൈനയില്‍ തുടരുകയാണ്. പുതവത്സരാഘോഷം രോഗം പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു.
ജപ്പാനില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  ടോക്കിയോയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഏഴ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
4,100 മരണം റിപ്പോര്‍ട്ട് ചെയ്ത ജപ്പാനില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനം കുറവാണെങ്കിലും  ആശുപത്രികള്‍ കടുത്ത സമ്മര്‍ദത്തിലാണ്.  

 

Latest News