സിറിയയില്‍നിന്ന് ഏഴ് കുട്ടികളെ കൂടി ഫ്രാന്‍സ് നാട്ടിലെത്തിച്ചു

പാരീസ്- ഐ.എസില്‍ ചേരാന്‍ സിറിയയില്‍ പോയ ഫ്രഞ്ച് പൗരന്മാരുടെ ഏഴ് മക്കളെ കൂടി നാട്ടില്‍  തിരികെ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ സിറിയയില്‍നിന്നാണ്  ഏഴു കുട്ടികളെ നാട്ടിലെത്തിച്ചത്. ഐ.എസ് സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ട ഖിലാഫത്ത് ഭരണം തകര്‍ന്നശേഷം സിറിയയില്‍ കുടുങ്ങിയ ഫ്രഞ്ചുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
രണ്ട് വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് നാട്ടിലെത്തിച്ച് കോടതിക്ക് കൈമാറിയത്. ഇവരെ  സാമൂഹിക സേവന കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സിറിയയില്‍ 2019 ല്‍ ഐ.എസിനെ പരാജയപ്പെടുത്തിയതിനു ശേഷം ആയിരക്കണക്കിനുവരുന്ന ഐഎസ് പോരാളികളുടെയും അനുഭാവികളുടെയും ബന്ധുക്കള്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള റോജ്, അല്‍ഹോള്‍ ക്യാമ്പുകളിലാണുള്ളത്. ഈ ക്യാമ്പില്‍നിന്നാണ് കുട്ടികളെ ഫ്രാന്‍സിലെത്തിച്ചത്. ഫ്രാന്‍സ് ഇതുവരെ തിരിച്ചെത്തിച്ച 35 കുട്ടികളില്‍ പലരും അനാഥരാണ്.  
ആളുകള്‍ തിങ്ങിക്കഴിയുന്ന ക്യാമ്പുകളില്‍ നിന്ന് കുട്ടികളെ മോചിപ്പിച്ച് ബന്ധുക്കളോടൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് വിവിധ പൗരാവകാശ സംഘടനകള്‍ യൂറോപ്യന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.  
തടവുകാര്‍ക്ക് അനിശ്ചിതമായി കാവല്‍ നില്‍ക്കാനും സംരക്ഷിക്കാനും തങ്ങളുടെ പക്കല്‍ വിഭവങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കുര്‍ദിഷ് ഉദ്യോഗസ്ഥരും യൂറോപ്യന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദം തുടരുകയാണ്.
പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്  സമ്മര്‍ദം തുടരുന്നത്. അതേസമയം, കുട്ടികളെ മാത്രമേ പുനരധിവസിപ്പിക്കൂ എന്ന നിലപാടിലാണ് ഫ്രാന്‍സ്. മാതാക്കള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിചാരണ നേരിടണം. എന്നാല്‍ സ്ത്രീകളില്‍ പലരും മക്കളെ വേര്‍പെടുത്താന്‍ വിസമ്മതിക്കുകയാണ്.

 

Latest News