Sorry, you need to enable JavaScript to visit this website.

പോലീസ് അതിക്രമത്തിന് ഇരയായ മുന്‍അധ്യാപകന് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നല്‍കണം

കല്‍പറ്റ-വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു, കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2003 ജനുവരി-ഫെബ്രുവരിയില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രമത്തിനു ഇരയായ മുന്‍ അധ്യാപകനു നീതി.
മുത്തങ്ങ കേസില്‍  പോലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനു ഇരയാകുകയും തടവില്‍ കഴിയുകയും ചെയ്യേണ്ടിവന്ന ബത്തേരി ഡയറ്റ് മുന്‍ അധ്യാപകന്‍ കെ.കെ.സുരേന്ദ്രനു സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവായി.
ബത്തേരി ബാറിലെ കെ.എന്‍.മോഹനന്‍ മുഖേന സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍  ജഡ്ജി അനിറ്റ് ജോസഫാണ് നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവായത്. സര്‍ക്കാര്‍ തുക നല്‍കണമെന്നും ഇതു ബന്ധപ്പെട്ട കക്ഷികളില്‍നിന്നു ഈടാക്കാവുന്നതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അന്യായമായ അറസ്റ്റിനും കര്‍ണപുടം തകരുന്ന വിധത്തില്‍ ക്രൂരമായി മര്‍ദിച്ചതിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്ട്രടറി, വയനാട് ജില്ലാ കലക്ടര്‍, കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ദേവരാജ്, എസ്.ഐ പി.വിശ്വംഭരന്‍, എ.എസ്.ഐ സി.എം.മത്തായി, ഹെഡ് കോണ്‍സ്റ്റബിള്‍ വസന്തകുമാര്‍, കോണ്‍സ്റ്റബിള്‍ കെ.ആര്‍.രഘുനാഥന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വര്‍ഗീസ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി.

മുത്തങ്ങ കേസില്‍  2003 ഫെബ്രുവരി 23നാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. പിറ്റേന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായി. കസ്റ്റഡി മര്‍ദനത്തില്‍ കര്‍ണപുടം തകര്‍ന്ന അദ്ദേഹത്തിനു ഹൈക്കോടതി നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയിലാണ് ചികിത്സ ലഭിച്ചത്. വൈദ്യ പരിശോധനയിലാണ് കര്‍ണപുടം തകര്‍ന്നതു സ്ഥിരീകരിച്ചത്. കേസില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മാര്‍ച്ച് 30നാണ് സുരേന്ദ്രന്‍ ജയില്‍മോചിതനായത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചന, വനത്തില്‍ കുടിയിറക്കു നടന്ന ദിവസം ഉണ്ടായ പോലീസുകാരന്റെ മരണം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പോലീസ് സുരേന്ദ്രനെതിരേ  കേസെടുത്തത്. തുടക്കത്തില്‍  ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്കു വിട്ടു.  സി.ബി.ഐ കുറ്റപത്രത്തില്‍ സുരേന്ദ്രന്‍ പ്രതിയായിരുന്നില്ല. 2004ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹരജി ഫയല്‍ ചെയ്തത്. 2018ലാണ് ഡയറ്റില്‍നിന്നു വിരമിച്ചത്.

 

 

Latest News