കോവിഡ് വാക്‌സിൻ കൊച്ചിയിലെത്തി, ജില്ലകളിലേക്ക് ഉടൻ

കൊച്ചി- സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്‌സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി.രാവിലെ 10.45ന് മുംബൈയിൽനിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ എത്തിച്ചത്. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്‌സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്‌സീനുമാണ് എത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്‌സിൻ സ്‌റ്റോറിൽ എത്തിച്ച വാക്‌സീൻ ഇന്നു തന്നെ മറ്റു ജില്ലകളിലേക്ക് അയക്കും. വൈകിട്ട് ആറിന് ഇൻഡിഗൊ വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്കുള്ള വാക്‌സീൻ എത്തും. 
തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനിൽ നിന്നും 1,100 ഡോസ് വാക്‌സിനുകൾ മാഹിയിൽ വിതരണം ചെയ്യുന്നതാണ്. വാക്‌സിൻ എത്തിയാൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേർപ്പെടുത്തിയെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
 

Latest News