ചെന്നൈ-ലൈംഗികതയെ കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചും യുവതീയുവാക്കള്‍ സംസാരിക്കുന്ന തമിഴ് ചാനലായ ചെന്നൈ ടോക്‌സ് നടത്തുന്ന മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റിലായി.
സ്ത്രീകളമായി നടത്തുന്ന ഇത്തരം അഭിമുഖങ്ങള്‍ മാന്യതക്ക് നിരക്കുന്നതല്ലെന്നും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
2019 മുതല്‍ ചാനല്‍ നടത്തുന്നതായി പറയുന്ന ദിനേശ് (31) അവതാരകന്‍ അസന്‍ ബാദ്ഷാ (23) ക്യാമറാമാന്‍ അജയ് ബാബു (24) എന്നിവരാണ് അറസ്റ്റിലായത്. യൂട്യൂബ് ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ അശ്ലീലം, സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ സിറ്റി പോലീസ് കേസെടുത്തത്.
വൈറലായ ഒരു പ്രത്യേക വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയതായി ഒരു സ്ത്രീ പരാതി നല്‍കുകയും ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന് എലിയട്ട്‌സ് ബിച്ചില്‍ വെച്ച് ചെന്നൈ ടോക്‌സിന്റെ അവതാരകനും ക്യാമറാമാനും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സ്ത്രീ തന്റെ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോ ആണ് പ്രചരിച്ചിരുന്നത്.
മൂവരും പൊതുസ്ഥലങ്ങളില്‍വെച്ച് മറുപടി പറയാന്‍ മടിയുള്ള ചോദ്യങ്ങള്‍ ചോദിച്ച് അഭിമുഖം നടത്തി സ്ത്രീകളെ അപമാനിച്ചതായും പിന്നീട് ഓണ്‍ലൈനില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്തുവെന്നും പോലീസ് പറയുന്നു.
രസകരമായ പൊതുജനാഭിപ്രായ വീഡിയോകളെന്ന് അവകാശപ്പെടുന്ന യുട്യൂബ് ചാനലില്‍ ഇരുനൂറോളം വീഡിയോകളാണുള്ളത്. എഴ് കോടിയോളം കാഴ്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.