കൊച്ചി- കേരളത്തിലേക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവിഷീല്‍ഡ് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.
ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിനാണ് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് കൊണ്ടുവരുന്നത്. 11.15ന് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്ന വാക്‌സിന്‍ അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജണല്‍ വാക്‌സിന്‍ സ്‌റ്റോറിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം സമീപ ജില്ലകളിലേക്ക് അയക്കും.
1.80 ലക്ഷം ഡോസ് വാക്‌സിന്‍ 15 ബോക്‌സുകളിലായാണ് കൊണ്ടുവരുന്നത്. പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിന്‍ റീജണല്‍ സ്‌റ്റോറില്‍ നിന്ന് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.






