Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

മാനുട്ടി നൽകിയ തണൽ 

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഒ.ഐ.സി.സി നേതാവ് കുഞ്ഞാലി ഹാജിയെ കുറിച്ച്

അൽ ഹിബ പോളിക്ലിനിക്കിൽ ഞാൻ ജോലിക്ക് പ്രവേശിച്ചത്  2007 ജൂൺ 20 നായിരുന്നു. മാർക്കറ്റിങ് മാനേജർ മുസാദിക്ക് ബാബു മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആളുകളെ എടുക്കുന്നുവെന്ന വിവരം എന്റെ കസിൻ റഫീഖ് കോട്ടിയാട്ടാണ് അറിയിച്ചത്. 
അങ്ങനെയാണ് അഭിമുഖത്തിന് പോയത്. മുസാദിക്ക് ബാബു കുഞ്ഞാലി ഹാജിയെ കുറിച്ച്  നല്ലൊരു വിവരണം തന്നിരുന്നു.  ആ ധൈര്യത്തിൽ സൗദി അറേബ്യയിലെ മൂന്നാമത്തെ ഇന്റർവ്യൂവിന് കുഞ്ഞാലി ഹാജിയുടെ ഓഫീസിലെത്തി.  ഇന്റർവ്യൂ പൂർത്തിയാക്കി.. 
പൊരുതിത്തോറ്റു തിരിഞ്ഞു നടന്നപ്പോൾ നിരാശ ഒട്ടുമില്ലായിരുന്നു. സാറിന്റെ മുന്നിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തത് തന്നെ എന്റെ വിജയമായി ഞാൻ കരുതി. രണ്ടു ദിവസം കഴിഞ്ഞ് എന്നെ സാർ വിളിച്ചു ഇങ്ങനെ പറഞ്ഞു. ഒരു ചെറുപ്പക്കാരൻ വന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട,് ഞാൻ ആ ജോലി കൃത്യമായി ചെയ്യും എന്നു പറഞ്ഞപ്പോൾ തള്ളിക്കളയാൻ സാധിച്ചില്ല. അതു കൊണ്ട് നീ നാളെ മുതൽ ജോലിക്ക് കയറണം. മൂന്ന് മാസത്തെ പ്രൊബേഷൻ പീരീയഡ്. അതിനുള്ള ടാർഗറ്റ് അച്ചീവ് ചെയ്യണം.
പരിചയമില്ലാത്ത ഫീൽഡ് തപ്പിയും തടഞ്ഞും  ടാർഗറ്റ് അച്ചീവ് ചെയ്ത് തിരികെ ഓഫീസിൽ കുഞ്ഞാലി ഹാജിക്ക് മുന്നിൽ നിന്ന് ഞാൻ പറഞ്ഞു. 
'ഏൽപിച്ച ജോലി ചെയ്തിട്ടുണ്ട്'. അപ്പോൾ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'നിന്റെ കഠിനാധ്വാനത്തെ അംഗീകരിക്കുന്നു.  ഒരു മൂന്ന് മാസം കൂടി പ്രൊബേഷൻ ആയി വർക്ക് ചെയ്യണം.  
തോൽക്കാൻ മനസ്സില്ലായിരുന്നു. ജീവിതത്തിൽ ഒരു ബന്ധവുമില്ലാത്ത ഫീൽഡ് ആയതുകൊണ്ടുള്ള പ്രയാസം ഏറെ ഉണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. വാശി എന്ന ഡിഗ്രി എടുത്തു വീണ്ടുമിറങ്ങി. കമ്പനികളുടെ നീണ്ട നിരകളായി. ഭാഷയും ജിദ്ദയും പഠിച്ചു. മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ഓഫീസിലെത്തിയത് ടാർഗറ്റ് അച്ചീവ് ചെയ്തുകൊണ്ടായിരുന്നു. ഓഫീസിലെത്തിയപ്പോൾ  പഴയ കുഞ്ഞാലി ഹാജിയിൽ നിന്ന് വ്യത്യസ്തനായ ഒരാളെയാണ് കണ്ടത്... സ്‌നേഹത്തോടെ എന്നോട് പറഞ്ഞു, 
'സ്‌പോൺസർഷിപ്പ് മാറണം; എല്ലാ ആനുകൂല്യത്തോടും കൂടി നിനക്ക് മുന്നോട്ട് പോകാം'. ഉടനെ കഫീലിന്റെ അടുത്ത് വാദി അൽ ദിവാസിറിൽ (റിയാദ് ) പോയി കഫാല മാറി തിരിച്ചുവന്ന് ജോലിയിൽ പ്രവേശിച്ചു. 
ഗൾഫിൽ വരുമ്പോൾ എന്റെ മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു ഉമ്മയെ ഹജിന് കൊണ്ടുവരണം, കഴിയുന്നതൊക്കെ ചെയ്തു കൊടുക്കണം എന്നൊക്കെ. ഉമ്മ സുഖമായി ഹജ് ചെയ്തു. എല്ലാം ഉമ്മയുടെ സമ്പത്ത് കൊണ്ടായിരുന്നു  എങ്കിലും ഈ സ്ഥാപനത്തിൽ നിന്നുകൊണ്ട് ഉമ്മാക്ക് വേണ്ട സഹായം ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും കുഞ്ഞാലി ഹാജി ഒരുക്കിത്തന്നു. ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങളായിരുന്നു അത്.  മുൻ രാഷ്ട്രപതി അബുൽ കലാം പറഞ്ഞ പോലെ എൻജോയ് ചെയ്ത് വർക്ക് ചെയ്ത്  തുടങ്ങിയത് ഈ സ്ഥാപനത്തിലൂടെയായിരുന്നു.
സംഘടനാ രംഗത്തും പൊതു സമൂഹത്തോടൊപ്പവും നിന്നു പ്രവർത്തിക്കാനുള്ള എന്റെ താൽപര്യം മനസ്സിലാക്കി എന്നെ ഒ.ഐ.സി.സിയിലൂടെ കൈപിടിച്ചുയർത്തി അദ്ദേഹം. അതിന് എനിക്ക് സഹായകമായി ബാവ പെങ്ങാടനെ പരിചയപ്പെടുത്തി. 
പിന്നെ ഞങ്ങൾ മൂവർ സംഘമായിരുന്നു എല്ലായിടത്തും എത്തിപ്പെടാറുള്ളത്. സംഭവ ബഹുലമായ അനുഭവങ്ങൾ, മൺതരികൾ പോലും കോരിത്തരിക്കുന്ന കുഞ്ഞാലി ഹാജിയുടെ പ്രസംഗങ്ങൾ, രസകരമായ യാത്രാനുഭവങ്ങൾ, വാരാന്ത്യങ്ങളിലെ  കൂടിച്ചേരലുകൾ... എല്ലാം മറക്കാനാവാത്ത ഓർമകൾ. ജിദ്ദാ സമൂഹത്തിന് ഒരു തണലായിരുന്നു കുഞ്ഞാലി ഹാജി. അടുത്തറിയുന്നവർ സ്‌നേഹത്തോടെ  മാനുട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. 
സൗഹൃദം കളയാതെ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ  പറഞ്ഞു തീർക്കുന്ന  രീതി കുഞ്ഞാലി ഹാജിക്ക് മാത്രം കഴിയുന്നതാണ്. സമ്പത്തിനോട് ഒട്ടും മോഹമില്ല. ഏറ്റവും വലിയ സമ്പത്ത് സ്‌നേഹ ബന്ധങ്ങൾ മാത്രം. ഇതുവരെയുള്ള ജീവിതം  സന്തോഷത്തോടെ നിറമനസ്സോടെ ആസ്വദിച്ചു എന്നതിൽ ഭാഗ്യവാനണദ്ദേഹം. 
ഒരു കുടുംബനാഥൻ എങ്ങനെയാവണമെന്നതിനുള്ള മാതൃകയാണ് കുഞ്ഞാലി ഹാജി.  നിരാലംബരായ എത്രയോ പേരെ അളവറ്റു സഹായിച്ച വലിയ മനുഷ്യന് അമിതമായ ആവേശമില്ല. സന്തോഷവും ദുഃഖവും അതിന്റെ വഴിക്ക് വിടും. 
എനിക്ക് ഹിബ പോളിക്ലിനിക് ആദ്യം സ്‌കൂളും പിന്നെ കോളേജും ആയി എന്ന് പറയുന്നതാണ് ശരി. എനിക്ക് മാത്രമല്ല, കൂടെ ജോലി ചെയ്ത  പലർക്കും അങ്ങനെ തന്നെ.
ഞങ്ങളുടെ ബോസുമാർ, അബ്ദുറഹിമാൻ യൂസഫ് മലബാരി, മുഹമ്മദ് സൈദ് എന്നിവർ വളരെ നല്ലവരായിരുന്നു.  മലബാരി സൗദികൾ എന്ന നിലക്ക് നമ്മോട് ഏറെ അടുപ്പം പുലർത്തിയിരുന്നു. ഇവരെ രണ്ടു പേരുടെയും സേവനം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ കുഞ്ഞാലി ഹാജി വഹിച്ച പങ്ക് വലുതണ്. ന്യൂ അൽ ഹിബ പോളിക്ലിനിക് എന്നൊരു സ്ഥാപനം ബുറൈമാനിൽ തുറക്കാൻ കഴിഞ്ഞുവെന്നതും അദ്ദേഹത്തിന്റെ നേട്ടമാണ്. 
പ്രവാസം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കിട്ടിയ മറുപടി ഒരുമിച്ചുള്ള തിരിച്ചുപോക്കാവാം എന്നായിരുന്നു.
നിർഭാഗ്യവശാൽ കഴിഞ്ഞ 2018 ഡിസംബർ ഏഴിനു ഞാൻ നാട്ടിൽ പ്രവാസത്തിന് ഇടവേള നൽകി പോന്നപ്പോൾ അന്ന് പറഞ്ഞ വാക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അതോടൊപ്പം പിറന്ന മണ്ണിലേക്ക് കുഞ്ഞാലി ഹാജി എത്തിയിരിക്കേ സ്വീകരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു എന്നത് സന്തോഷമുള്ള കാര്യവുമാണ്. 

Latest News