Sorry, you need to enable JavaScript to visit this website.

കോവിഡും കേരളവും; ഒരു അവിദഗ്ധന്റെ സംശയങ്ങൾ

നമ്മുടെ ആരോഗ്യ മേഖലയെ ബാധിച്ചിട്ടുള്ള എന്തൊക്കെയോ മാരക രോഗങ്ങളുടെ പ്രതിഫലനമാണ് കോവിഡ് വിഷയത്തിൽ നാമിപ്പോൾ അനുഭവിക്കുന്നത്. അതിനാണ് ഉടൻ ചികിത്സ വേണ്ടത്. ഇല്ലാത്ത അവകാശവാദങ്ങൾ അവസാനിപ്പിച്ച് നമ്മുടെ ശാരീരിക - മാനസിക - സാമൂഹ്യ ആരോഗ്യരംഗങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നു സത്യസന്ധമായി പരിശോധിക്കണം. 

രാജ്യത്ത് ഏറ്റവുമധികം കോവിഡ് വ്യാപനം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണല്ലോ. കോവിഡിന്റെ ആരംഭകാലത്ത് അതിനെ നിയന്ത്രിക്കുന്നതിൽ കേരളം നേടിയ നേട്ടങ്ങൾ ലോകം മുഴുവൻ കൊട്ടിഘോഷിച്ചിരുന്നു.  തികച്ചും അനുചിതമായി കോവിഡ് വ്യാപനം കൂടിയ  സംസ്ഥാനങ്ങളിലെ കണക്കുകൾ പറഞ്ഞും അതിനെ കേരളവുമായി താരതമ്യം ചെയ്തുമായിരുന്നു മുഖ്യമന്ത്രി എന്നും പത്രസമ്മേളനങ്ങൾ നടത്തിയിരുന്നത്. 
വിദഗ്ധരെന്ന് സ്വയം അവകാശപ്പെടുന്ന കുറെ പേരായിരുന്നു അതിന്റെ പിറകിൽ പ്രവർത്തിച്ചിരുന്നത്. എന്തിനേറെ, നാലുവർഷം തികഞ്ഞ ഈ മന്ത്രിസഭയുടെ നേട്ടമായി പോലും ഇത് വ്യാഖ്യാനിക്കപ്പെട്ടു. എൽഡിഎഫിനേക്കാൾ കൂടുതൽ കാലം കേരളം ഭരിച്ചത് യു.ഡി.എഫായിട്ടും ഇതിനെ സി.പി.എമ്മിന്റെ നേട്ടമായും ആഘോഷിച്ചു. 
രാജ്യത്തു തന്നെ കേരളത്തേക്കാൾ കുറഞ്ഞ തോതിൽ രോഗവ്യാപനമുള്ള സംസ്ഥാനങ്ങളുണ്ടെന്ന വസ്തുത മറച്ചുവെക്കുകയായിരുന്നു. ഇത്തരം അവകാശവാദങ്ങൾക്കായി ലോകത്തൊരിടത്തും ഇല്ലാത്ത പോലെ എല്ലാ ദിവസവും മുഖ്യമന്ത്രി പത്രസമ്മേളനങ്ങൾ നടത്തി. അതു കണ്ട് ആരാധകർ രോമാഞ്ചമണിഞ്ഞു. അതേസമയത്തു തന്നെ ഇത്തരം താരതമ്യങ്ങൾ അർത്ഥരഹിതവും നൈതികതയില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയവരുണ്ടായിരുന്നു. കേരളത്തിൽ രോഗവ്യാപനത്തിന്റെ കുറവിനും ചില സംസ്ഥാനങ്ങളുടെ കൂടുതലിനും  പല കാരണങ്ങളുമുണ്ടെന്നും അതെല്ലാം മാറാവുന്നതെന്നും വിദഗ്ധരല്ലാത്ത പലരും ചൂണ്ടികാട്ടി. 
അതിനവർ കേട്ട ആക്ഷേപങ്ങൾക്ക് കണക്കില്ല. എന്നാൽ സംഭവിച്ചത് അതു തന്നെയാണ്. എന്നിട്ടുപോലും യാഥാർത്ഥ്യത്തെ യാഥാർത്ഥ്യമായി അംഗീകരിക്കാതെ, ഉരുണ്ടു കളിക്കുന്ന വിദഗ്ധരെയാണ് കാണുന്നത്. എന്നിട്ടും ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നവരെയും കണ്ടു. മരണ നിരക്കു കുറവാണെന്നതിന്റെ പേരിലാണ് ഇപ്പോഴത്തെ താരതമ്യം. കേരളത്തേക്കാൾ മരണനിരക്കു കുറഞ്ഞ സംസ്ഥാനങ്ങളെയാകട്ടെ പരാമർശിക്കുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിദഗ്ധനല്ലാത്ത, ഒരു സാധാരണക്കാരന്റെ തോന്നലുകളും സംശയങ്ങളുമാണ് കുറിക്കുന്നത്.
ചരിത്രപരമായ കാരണങ്ങളാൽ പ്രാഥമിക ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗഹത്തും ഏറെക്കുറെ രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണ് കേരളം എന്നതിൽ കാര്യമായ തർക്കമൊന്നും ഉണ്ടാകില്ല. ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും മിഷനറിമാരുമൊക്കെ ഈ നേട്ടത്തിൽ തങ്ങളുടെ പങ്കുവഹിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ മേഖലയിലെ ഈ നേട്ടങ്ങളാണ് ആദ്യകാലത്തെ കോവിഡ് വ്യാപന നിയന്ത്രണത്തിനും മരണ നിരക്കു കുറയുന്നതിനും അടിസ്ഥാന കാരണം. എന്നാൽ പ്രാഥമിക തലത്തിൽനിന്ന് നമ്മുടെ ആരോഗ്യ മേഖല കാര്യമായൊന്നും മുന്നോട്ടു  പോയില്ല എന്നതാണ് യാഥാർത്ഥ്യം. അതാണ് നാം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രതിസന്ധി. ആരോഗ്യമുള്ള ഒരു ജനതക്ക് ഏറ്റവും ആവശ്യമായ പ്രതിരോധ ശക്തിയിൽ നാം ഏറെ പിറകിലാണ്.
 ഇന്ത്യയിൽ ഏറ്റവുമധികം മരുന്നുകൾ വാങ്ങിക്കഴിക്കുന്നത് മലയാളികളാണെന്ന് ആർക്കുമറിയാം. അവയിൽ ഭൂരിഭാഗവും അനാവശ്യവും നമ്മുടെ സ്വാഭാവിക പ്രതിരോധത്തെ തകർക്കുന്നതുമാണ്. ആരോഗ്യ കച്ചവടക്കാരുടെ ഏറ്റവും കഴുത്തറുപ്പൻ കച്ചവടം നടക്കുന്നത് കേരളത്തിലാണല്ലോ. ഡോക്ടർമാരടക്കമുള്ളവർ ആ തട്ടിപ്പിന്റെ കണ്ണികളാണ്. ഇതിനൊപ്പമാണ് ആധുനികമെന്നു നമ്മൾ ധരിച്ചുവെച്ചിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതികളും. ഇതിന്റെയെല്ലാം അനന്തരഫലമായി ജീവിതശൈലീ രോഗങ്ങളിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് നമ്മളാണ്. ആദ്യകാല നോട്ടങ്ങളിലൂടെ പരമ്പരാഗത രോഗങ്ങളെ ഒരു പരിധി വരെ നാം അതിജീവിച്ചു എന്നത് ശരി. എന്നാൽ കാൻസർ, പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, വൃക്ക, കരൾ തുടങ്ങിയ രോഗങ്ങളിലൊക്കെ നാം എത്രയോ മുന്നിലാണ്. കഴിഞ്ഞില്ല. വൈവിധ്യമാർന്ന പനികളിലൂടെയുള്ള മരണത്തിലും നാം മുൻനിരയിൽ തന്നെ. ചികിത്സക്കായി ഏറ്റവുമധികം പണം ചെലവഴിക്കുന്ന ഒരു പ്രദേശത്താണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് കൗതുകകരം.
മലയാളികളുടെ ആരോഗ്യത്തിന്റെ സൂചകമായി ഉയർത്തിപ്പിടിക്കുന്ന ഒന്നാണല്ലോ ശരാശരി ആയുസ്സിലെ വർധന. എന്നാൽ അതിനു പിറകിലെ മറ്റൊരു യാഥാർത്ഥ്യമുണ്ട്. വയോജനങ്ങളിലെ രോഗാവസ്ഥയിലും നാം വളരെ മുന്നിലാണ് എന്നതാണത്. 
വലിയൊരു വിഭാഗം വയോജനങ്ങളും കിടപ്പിലാണ്. ആയുസ്സ് കൂടാനല്ല എത്രയും വേഗം മരിക്കാനാണ് അവരിൽ ഭൂരിഭാഗവും അവരുടെ മക്കളും ആഗ്രഹിക്കുന്നത്. അൽഷിമേഴ്‌സിലും നാം മുന്നിൽ തന്നെ. ആരോഗ്യ മേഖലയുടെ വികാസത്തെ കുറിച്ച് പറയുമ്പോൾ പാലിയേറ്റീവ് കെയറിൽ നാം എത്ര പിറകിലാണ്. വയോധികരിൽ ഭൂരിഭാഗവും സ്വന്തമായി വരുമാനമില്ലാത്തവരും. ഇക്കാരണങ്ങളാൽ ഈ വയോധികരുടെ വാർധക്യവും മരണവും എത്രയോ അന്തസ്സില്ലാത്തതാണ്. ആരോഗ്യത്തോടും മരണത്തോടുമുള്ള തെറ്റായ നിലപാടു മൂലം അവരുടെ മരണം പലപ്പോഴും ഐ.സി.യുവിലെ ഏകാന്തതയിലാകുന്നു. പഞ്ചാബിൽ നിന്നുള്ള വയോധികരായ കർഷകർ ദൽഹിയിലെ കൊടുംതണുപ്പിൽ നടത്തുന്ന സമരം നോക്കുക. നമുക്കത് സങ്കൽപിക്കാൻ പോലുമാകുമോ? വൃദ്ധർ മാത്രമല്ല, വാഹനാപകടങ്ങളിലൂടെയും മറ്റും നിരവധി ചെറുപ്പക്കാരും കിടപ്പിലാണ്. ശാരീരികാരോഗ്യത്തിൽ മാത്രമല്ല, സാമൂഹ്യ ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും നാം പിറകിൽ തന്നെ. മാനസിക രോഗങ്ങളുടെ വർധനയും വർധിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യകളും വാഹനാപകടങ്ങളും സ്ത്രീ - ബാലികാ പീഡനങ്ങളുമെല്ലാം അതിന്റെ സൂചനകളാണ്. ഇക്കാര്യങ്ങളിലും നമ്മുടെ സ്ഥാനം രാജ്യത്ത് മുൻനിരയിൽ തന്നെ. 
കോവിഡിലേക്കു തിരിച്ചുവരാം. ഒരു സാധാരണക്കാരൻ എന്ന നിലയിലുള്ള സംശയം ഇതാണ്. ഈ പ്രതിരോധമില്ലായ്മ തന്നെയല്ലേ നമ്മുടെ കോവിഡ് വ്യാപനത്തിനും കാരണം? സാനിറ്റൈസർ, മാസ്‌ക്, സാമൂഹ്യ അകലം ഇവയൊക്കെ ഏറ്റവുമധികം പാലിക്കുന്നത് കേരളത്തിലാണ്. കോവിഡിനെ പ്രതി ഏറ്റവുമധികം ആശങ്കകൾ പരത്തുന്നതും ഇവിടെ തന്നെ. എന്നിട്ടും കോവിഡ് വ്യാപനത്തിൽ നമ്മൾ ഒന്നാമതാണ്. അതിനും ന്യായീകരണം കണ്ടെത്തുന്ന വിദഗ്ധരുണ്ട്. വ്യാപനം വൈകിപ്പിക്കാൻ കഴിഞ്ഞത് നമ്മുടെ നേട്ടമാണത്രേ. അതായത് മറ്റു സംസ്ഥാനങ്ങൾ സാധാരണ നിലയിലേക്കു മടങ്ങുമ്പോഴും നമ്മുടെ അവസ്ഥ രൂക്ഷമാകുന്നത് നേട്ടമാണെന്ന്. കോവിഡ് മൂലം ജീവിതത്തിൽ ഒരു നഷ്ടവുമില്ലാത്ത വിദഗ്ധർക്ക് അങ്ങനെ പറയാൻ കഴിയുമായിരിക്കും. എന്നാൽ അങ്ങനെയല്ലാത്ത ലക്ഷക്കണക്കിനു പേർക്ക് അതിനു കഴിയില്ല. ഇത്തരത്തിലുള്ള ന്യായീകരണം കണ്ടെത്തുമ്പോൾ വ്യാപനത്തിലും മരണത്തിലും നമ്മളേക്കാൾ പിറകിലുള്ള സംസ്ഥാനങ്ങളെ കുറിച്ച് എന്താണാവോ ഈ വിദഗ്ധർ മിണ്ടാത്തത്? വാക്‌സിൻ കൊണ്ട് പൂർണമായും പരിഹരിക്കാവുന്ന വിഷയമാണ് ഇതെന്ന പ്രചാരണവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതായി തോന്നുന്നില്ല.
ചുരുക്കത്തിൽ നമ്മുടെ ആരോഗ്യ മേഖലയെ ബാധിച്ചിട്ടുള്ള എന്തൊക്കെയോ മാരകരോഗങ്ങളുടെ പ്രതിഫലനമാണ് കോവിഡ് വിഷയത്തിൽ നാമിപ്പോൾ അനുഭവിക്കുന്നത്. അതിനാണ് ഉടൻ ചികിത്സ വേണ്ടത്. ഇല്ലാത്ത അവകാശവാദങ്ങൾ അവസാനിപ്പിച്ച് നമ്മുടെ ശാരീരിക - മാനസിക - സാമൂഹ്യ ആരോഗ്യ രംഗങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നു സത്യസന്ധമായി പരിശോധിക്കണം. ഈ മേഖലകളിലെയെല്ലാം പ്രതിരോധ ശേഷി നശിച്ചതെങ്ങനെയെന്നും പരിശോധിക്കണം. എന്നിട്ടവക്ക് പ്രതിവിധി കണ്ടെത്തണം. അതിനാദ്യം വേണ്ടത് ഇപ്പോഴത്തെ കാപട്യങ്ങൾ അവസാനിപ്പിച്ച് യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണാൻ തയാറാകുക എന്നതാണ്.

Latest News