Sorry, you need to enable JavaScript to visit this website.

പ്രവാസികളിൽ ആത്മഹത്യയും മരണനിരക്കും വർധിക്കുന്നു 

ദമാം- കോവിഡ് മഹാമാരി ലോകത്ത് സൃഷ്ടിച്ച ഭീകരാവസ്ഥയിൽ പിടിച്ചുനിൽക്കാനാവാതെ പലരും ആത്മഹത്യയിൽ അഭയം തേടുന്നതായി റിപ്പോർട്ട്. പ്രവാസികളിൽ ആത്മഹത്യയും മരണനിരക്കും വർധിക്കുന്നതായാണ് കണക്ക്.
പ്രവാസ ലോകത്തും കോവിഡിന്റെ പ്രത്യാഘാതങ്ങൾ നിരവധി ജീവനുകൾ കവർന്നിരുന്നു. ബിസിനസ് രംഗവും വ്യാവസായിക വാണിജ്യ രംഗവും നിശ്ചലമായതോടെ സാമ്പത്തികമായി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ഈ കാലയളവിൽ നിരവധി പ്രവാസികളുടെ ജോലി നഷ്ടമായി കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇപ്പോഴും നിരവധി കമ്പനികൾ ചലിപ്പിക്കാൻ കഴിയാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. നൂറു കണക്കിന് തൊഴിലാളികളുടെ താമസ രേഖകൾ പുതുക്കാൻ കഴിയാതെയും കൃത്യമായ ശമ്പളം ലഭിക്കാതെയും വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 
വ്യാവസായിക രംഗത്തും വാണിജ്യ രംഗത്തും ഉൽപാദനവും വിൽപ്പനയും പകുതിയിൽ താഴേക്ക് കൂപ്പു കുത്തിയെന്നുള്ള വിവരങ്ങളാണ് ഈ രംഗത്തുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ തന്നെ നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയാറെടുപ്പിലാണ്. കോണ്ട്രാക്ടിംഗ് കമ്പനികൾ ആവട്ടെ ഉയർന്ന തസ്തികയും ശമ്പളവും ലഭിച്ചിരുന്ന പല ഉന്നതന്മാരെയും ദീർഘ കാലത്തെ അവധിക്കായി നാട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചിലരാവട്ടെ അവധിക്കു പോകുന്നതിനായി നേരിട്ടുള്ള വിമാന സർവീസിനായി കാത്തിരിക്കുന്നുമുണ്ട്. മധ്യ വർഗ തൊഴിലാളികൾ ജോലി സ്ഥിരതയിൽ എത്രത്തോളം സാദ്ധ്യതകൾ ഉണ്ടെന്ന മാനസിക വ്യഥ അനുഭവിച്ചു കൊണ്ടിരിക്കുന്നതും സാധാരണ തൊഴിലാളികൾ ജോലിയുടെ നഷ്ടം സ്വപ്‌നം കാണുന്നതും ഇവർക്കിടയിലെ മാനസിക പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. നാട്ടിൽ വീട്, കല്യാണം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നും മറ്റു സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ചും ലോണുകൾ കരസ്ഥമാക്കിയെങ്കിലും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു രൂപ പോലും അടക്കാൻ കഴിയാതെ പണയത്തിലുള്ള ഭൂമിയും വീടും ജപ്തി ഭീഷണിയും നേരിട്ട് കൊണ്ടിരിക്കുന്നു. ചില സാധാരണക്കാരായ തൊഴിലാളികളിൽ നിന്നും  അറിയാൻ കഴിഞ്ഞത് പലരും വീട്ടുപകരണങ്ങൾ തവണ വ്യവസ്ഥയിൽ ലോൺ എടുത്തു ഇ എം ഐ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇത് പോലുള്ള നിരവധി വിഷയങ്ങൾ നേരിടുന്ന പ്രവാസികൾ അവരുടെ മാനസിക പ്രശ്‌നങ്ങൾ കടുത്ത രോഗാവസ്ഥയിലേക്ക് വഴി മാറുന്നതായും മാനസിക രോഗവസ്ഥയിൽ നിന്നും കടുത്ത നിലയിലേക്ക് മാറി ആത്മഹത്യയിലേക്ക് നീങ്ങുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾ ഉൾപ്പെടെ നിരവധിയാളുകളാണ് കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ ആത്മഹത്യ ചെയ്തത്. ഇതിനപ്പുറം നടക്കുന്ന സ്വാഭാവിക മരണങ്ങൾ ഏറെയും സംഭവിക്കുന്നത് യുവാക്കളിലാണ്. മുപ്പതിനും നാൽപ്പതിനും ഇടക്കു പ്രായമുള്ള നിരവധി ആളുകളാണ് മരണത്തെ അഭിമുഖീകരിക്കുന്നത്. മരണ കാരണമായി കൂടുതൽ പേരിലും പക്ഷാഘാതവും ഇതിനെ തുടർന്നുള്ള ഹൃദയാഘാതവുമാണ്. ലേബർ ക്യാമ്പുകളിലും മറ്റു ഫഌറ്റുകളിലും താമസിക്കുന്നവർ അടുത്ത സുഹൃത്തുക്കളുമായോ മറ്റോ തങ്ങളുടെ വിഷയങ്ങൾ പങ്കു വെക്കുകയോ കുടുംബ വിഷയങ്ങൾ ചർച്ച ചെയ്യാതെ ഇത്തരം വിഷയങ്ങൾ മനസ്സിൽ കൊണ്ട് നടന്നു കടുത്ത വിഷാദ രോഗത്തിനടിമപ്പെടുന്നതിലൂടെ ജീവൻ തന്നെ നഷ്ടമാവുന്നു. 
ഇതിനിടയിലും സാമൂഹ്യ വിപത്തുകൾ തകൃതിയായി നടക്കുന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ബാച്ചിലേഴ്‌സും മറ്റു തൊഴിലാളികളും താമസിക്കുന്ന ക്യാമ്പുകളും കേന്ദ്രീകരിച്ചു മദ്യ നിർമ്മാണവും മദ്യ സേവയും പാർട്ടികളും അരങ്ങേറുന്നതും കയ്യിലുള്ള പണം നൈമിഷികമായ സുഖത്തിനു വേണ്ടി നടത്തുന്ന ഇത്തരം അനാവശ്യ ചെലവുകൾ കൊണ്ട് കുടുംബത്തിനു നിത്യ ചിലവിനു വേണ്ടി അയക്കാൻ കഴിയാതെ മാനസിക തകർച്ച സംഭവിക്കുന്ന വിവരങ്ങളും ചില തൊഴിലാളികളിൽ നിന്നും അറിയാൻ കഴിയുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങൾ സ്വപനം കണ്ടു നടത്തുന്ന തായ്‌ലന്റ് ലോട്ടറി ഇപ്പോഴും ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു തകൃതിയായി നടക്കുന്നുണ്ട്. 
ലക്ഷപ്രഭു ആവാനുള്ള തത്രപ്പാടിൽ കയ്യിലുള്ള പണം ഈ ചൂതാട്ടത്തിന് നൽകി കുത്തുപാള എടുത്തു ജീവൻ നഷ്ടപ്പെടുത്തിയ നിരവധി ആളുകളുടെ കഥ നേരത്തെ കേട്ടിരുന്നെങ്കിലും ഈ കെട്ട കാലത്തും ഈ ചൂതാട്ടത്തിനു ഇപ്പോഴും ഒരു കുറവുമില്ലാതെ തുടരുന്നു എന്നത് ഏറെ അത്ഭുതകരമാണ്. സാമൂഹ്യ പ്രവർത്തകരുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും ഇടപെടൽ അനിവാര്യമായ ഈ ഘട്ടത്തിൽ ശക്തമായ ബോധവത്ക്കരണം പ്രവാസ സമൂഹത്തിൽ നടത്തുകയും സാമൂഹ്യ വിപത്തുകൾക്കെതിരെ അധികാരികളുടെ ശ്രദ്ധ ചെലുത്തലും അനിവാര്യമാണ്.
 

Tags

Latest News