ഭാര്യയേയും അമ്മയേയും കൊന്ന് മൃതദേഹങ്ങള്‍ മക്കളുടെ മുന്നിലിട്ട് വെട്ടിനുറുക്കി

അഗര്‍ത്തല- ത്രിപുരയില്‍ സ്വന്തം ഭാര്യയേയും ഭാര്യാമാതാവിനേയും അവരുടെ വീട്ടിലിക്ക് കൊലപ്പെടുത്തിയ ആള്‍ രണ്ടു മക്കളുടെ മുന്നിലിട്ട് മൃതദേഹങ്ങള്‍ വെട്ടിനുറുക്കി. ശേഷം പ്രതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതെല്ലാം കണ്ട് അലറിക്കരഞ്ഞ കുട്ടികളുടെ ശബ്ദം കേട്ട് അയല്‍ക്കാരെത്തുമ്പോള്‍ രണ്ടു മൃതദേഹങ്ങള്‍ രക്തത്തില്‍ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ വീട്ടനകത്ത് ഒരു മുറിയില്‍ അബോധാവസ്ഥയിലായിരുന്നു പ്രതി. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷം അറസ്റ്റും രേഖപ്പെടുത്തി. വിഷം കഴിച്ചതായി സ്ഥിരീകരിച്ചു. അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. കുട്ടികളെ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്കു കൈമാറി. ഇവരിപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ്.

കുടുംബ വഴക്കാണ് ക്രൂര കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നു. പ്രതിയുടെ ഭാര്യയും രണ്ടു മക്കളും അമ്മയുടെ കൂടെയാണ് കഴിഞ്ഞ നാലുമാസമായി കഴിയുന്നത്. പ്രതിയും ഭാര്യയും വിവാഹ മോചന നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും ഒന്നു സ്ഥിരീകരിക്കാറായിട്ടില്ലെന്നും സബ് ഡിവിഷണല്‍ പോലീസ് ഓഫിസര്‍ ആഷിഷ് ദാസ്ഗുപ്ത പറഞ്ഞു.
 

Latest News