റീ എന്‍ട്രി ഫീസ് തൊഴിലാളികള്‍ വഹിക്കണം; മാറ്റം മാര്‍ച്ച് മുതല്‍

റിയാദ്- രാജ്യത്തിന് പുറത്ത് പോയി തിരിച്ചുവരാനുള്ള അനുമതി പത്രമായ റീ എന്‍ട്രി അടിക്കുന്നതിനുള്ള ഫീസ് തൊഴിലാളികള്‍ തന്നെ വഹിക്കണമെന്നതുള്‍പ്പെടെ സൗദി അറേബ്യ തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നു.

മാര്‍ച്ച് മുതല്‍ പ്രാബല്യത്തിലാവുന്ന നിയമഭേദഗതിയില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു.


സ്വകാര്യമേഖലയുടെ വളര്‍ച്ച ലക്ഷ്യമിടുന്നതോടൊപ്പം തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക കൂടി ഭേദഗതിയുടെ ലക്ഷ്യമാണ്.  നിലവിലെ നിയമവ്യവസ്ഥയിലെ മിക്ക ഖണ്ഡികകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി ആറ് വരെയാണ് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം.


മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയമായി തൊഴില്‍ വകുപ്പിനെ മാറ്റിയതിനെ തുടര്‍ന്നാണ് പ്രധാനമായും ഈ പരിഷ്‌കാരം നടപ്പാക്കുന്നത്.


വിദേശി തൊഴിലാളികള്‍ക്കെല്ലാം എഴുതപ്പെട്ട നിശ്ചിത കാലാവധിയുള്ള തൊഴില്‍ കരാറുകള്‍ നിര്‍ബന്ധമാണ്. നിശ്ചിത കാലയളവ് കരാറില്‍ എഴുതിയിട്ടില്ലെങ്കില്‍ സ്ഥാപനത്തില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പുതുക്കേണ്ടിവരും.

തൊഴില്‍ കരാറുകള്‍ ഗോസി, അബ്ശിര്‍ വഴി അംഗീകരിക്കപ്പെടുകയും വേണം.


ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും പിഴയടക്കമുള്ള എല്ലാ ചെലവുകളും തൊഴിലുടമ വഹിക്കണം. സ്‌പോണ്‍സര്‍ഷിപ് മാറ്റം, പ്രൊഫഷന്‍ മാറ്റം, മൃതദേഹം നാട്ടിലെത്തിക്കല്‍ എന്നിവയുടെ ചെലവുകളും തൊഴിലുടമ വഹിക്കണം. തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റും നല്‍കണം.

ഇവയെല്ലാം നേരത്തെയുള്ള വ്യവസ്ഥകളാണെങ്കിലും റീ എന്‍ട്രിക്കുള്ള ചെലവുകള്‍ തൊഴിലുടമ വഹിക്കേണ്ടതില്ല. അത് തൊഴിലാളികള്‍ തന്നെ ഇനി മുതല്‍ വഹിക്കണം.

 

Latest News