തിരുവനന്തപുരം- തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തു. 72 കാരിയായ ജാൻ ബീവി കൊല്ലപ്പെട്ട കേസിലാണ് ജാൻബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകൻ അലക്സ് പിടിയിലായത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അലക്സ്.
ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് മോഷണത്തിനു ശ്രമിച്ചതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും അലക്സ് പോലീസിനോട് പറഞ്ഞു. ജാൻ ബീവിയുടെ പക്കൽനിന്നും ഇയാൾ കവർന്ന സ്വർണവും പണവും പോലീസ് കണ്ടെത്തി. ജാൻ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സ്. വീട്ടിൽ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്സ് കൊലപാതകം നടത്തിയത്.






