Sorry, you need to enable JavaScript to visit this website.

തുറമുഖങ്ങളിലെ കമ്പനികളിൽ സൗദിവൽക്കരണം വരുന്നു

ജിദ്ദ - രാജ്യത്തെ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി സൗദി പോർട്‌സ് അതോറിറ്റി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി പോർട്‌സ് അതോറിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തുടക്കത്തിൽ ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ പ്രവർത്തിക്കുന്ന നാലു വൻകിട കമ്പനികളിൽ സൗദിവൽക്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 


റെഡ് സീ ഗേറ്റ്‌വേ ടെർമിനൽ കമ്പനി, ദുബായ് പോർട്‌സ് വേൾഡ് കമ്പനി, സാമിൽ ഓഫ്‌ഷോർ സർവീസസ് കമ്പനി, മൻസൂർ അൽമുസാഅദ് ട്രേഡിംഗ് ആന്റ് കോൺട്രാക്ടിംഗ് കമ്പനി എന്നിവയിലാണ് സൗദിവൽക്കരണം നടപ്പാക്കുന്നത്. ഈ കമ്പനികളിലെ 23 തൊഴിൽ മേഖലകൾ സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്നു. കരാർ കാലത്ത് നാലു കമ്പനികളിലെയും 300 ലേറെ തൊഴിലുകൾ സൗദിവൽക്കരിക്കാൻ സ്വദേശിവൽക്കരണ പദ്ധതി ഉന്നമിടുന്നു. പിന്നീട് ക്രമാനുഗതമായി സൗദിവൽക്കരണം ഉയർത്തും. 


പദ്ധതിയുടെ ഭാഗമായി കമ്പനികളിൽ പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതനത്തിന്റെ നിശ്ചിത വിഹിതവും സൗദികൾക്ക് പരിശീലനം നൽകുന്നതിനുള്ള ചെലവിന്റെ നിശ്ചിത വിഹിതവും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ വഹിക്കും. ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിന് രാജ്യത്തെ തുറമുഖങ്ങളിൽ പ്രധാന വിതരണ ശൃംഖല ജോലികളിൽ സൗദികളെ പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കി മാറ്റാനും പദ്ധതി സഹായകമാകും. തുറമുഖങ്ങളിലും തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലും സൗദിവൽക്കരണം ഊർജിതമാക്കാൻ സൗദി പോർട്‌സ് അതോറിറ്റി ആഗ്രഹിക്കുന്നു. 
ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിൽ സ്വദേശികൾക്ക് 45,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഗതാഗത മന്ത്രാലയവും നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സൗദി പോർട്‌സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ച് സൗദിവൽക്കരണം നടപ്പാക്കുന്നത്. 
 

Latest News