തബൂക്ക് - തബൂക്ക്, മദീന റോഡിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പെട്ട കാർ നിശ്ശേഷം തകർന്നു. മരണപ്പെട്ടവരെല്ലാവരും ഈ കാറിലെ യാത്രക്കാരണ്. ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തബൂക്ക് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തബൂക്ക് പ്രവിശ്യ ട്രാഫിക് പോലീസ് ഉപമേധാവി കേണൽ സമീർ അൽഗുബാന്റെ നേതൃത്വത്തിൽ ട്രാഫിക് പോലീസുകാരും റെഡ് ക്രസന്റ് പ്രവർത്തകരും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. പരിക്കേറ്റയാൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ നിർദേശിച്ച തബൂക്ക് ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ മരണപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തു.