റിയാദ് - മുൻ തൊഴിൽ, സാമൂഹിക വികസന മന്ത്രി അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അബൽഖൈൽ അന്തരിച്ചു. 97 വയസായിരുന്നു. 1962 മുതൽ 1975 വരെയാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1925 ൽ ഉനൈസയിലാണ് ജനനം.
തൊഴിൽ, സാമൂഹിക വികസന മന്ത്രിയായി നിയമിതനാകുന്നതിനു മുമ്പ് വിദേശ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കയ്‌റോയിലും ബെയ്‌റൂത്തിലും പൊളിറ്റിക്കൽ അറ്റാഷെ ആയി സേവനമനുഷ്ഠിച്ചു. സൗദിയിൽ ആദ്യമായി ശൂറാ കൗൺസിൽ സ്ഥാപിച്ചപ്പോൾ ഒന്നാം ശൂറാ കൗൺസിലിൽ തന്നെ അംഗമായി ഉൾപ്പെടുത്തി. നയതന്ത്ര, സാമൂഹിക മേഖലകളിൽ ദീർഘ കാലം പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്ത് കണക്കിലെടുത്താണ് ആദ്യ ശൂറാ കൗൺസിലിൽ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അബൽഖൈലിനെ നിയമിച്ചത്.
അബ്ദുറഹ്മാൻ അബൽഖൈലിന്റെ നിര്യാണത്തിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അനുശോചനം അറിയിച്ചു. രാഷ്ട്ര സേവന മേഖലയിൽ അബ്ദുറഹ്മാൻ അബൽഖൈൽ നിരവധി സംഭാവനകൾ നൽകിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അനുസ്മരിച്ചു.






