ന്യൂദൽഹി- കാർഷിക നിയമം സംബന്ധിച്ച് ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച നാലംഗ സംഘത്തിലെ മുഴുവൻ ആളുകളും കാർഷിക നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചവരെന്ന് കർഷക സംഘടനകൾ ആരോപിച്ചു. അശോക് ഗുലാത്തി, അനിൽ ഖൻവാദ്, പി.കെ ജോഷി, ഭൂപിന്ദർ സിംഗ് മാൻ എന്നിവരെയാണ് സുപ്രീം കോടതി നിയോഗിച്ചത്. നിയമത്തെ അനുകൂലിച്ച് ഗുലാത്തി നിരവധി തവണ ടി.വി ചർച്ചകളിൽ പങ്കെടുത്തിരുന്നു. കാർഷിക നിയമം പിൻവലിക്കേണ്ട ആവശ്യമില്ലെന്നും അതേസമയം കർഷകരുടെ പരാതികളിൽ ഭേദഗതികൾ ആവാമെന്നും ചൂണ്ടിക്കാട്ടി അനിൽ ഖൻവാദ് എഴുതിയ ലേഖനം ഏറെ വിവാദമായിരുന്നു. കർഷക സമരത്തെ ആക്ഷേപിച്ചും പുതിയ നിയമം കർഷകർക്ക് നിരവധി അവസരങ്ങൾ കൊണ്ടുവരുമെന്നും മാർക്കറ്റിൽ ആരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നുമാണ് പി.കെ ജോഷി വാദിച്ചുകൊണ്ടിരിക്കുന്നത്.
കാർഷിക നിയമം ഭേദഗതികളോടെ നടപ്പാക്കണം എന്നാവശ്യപ്പെടുന്നയാളാണ് ഭൂപിന്ദർ സിംഗ് മാൻ. കർഷക സമരത്തിൽ പങ്കെടുക്കുന്ന 41 സംഘടനകളിൽ ഇദ്ദേഹത്തിന്റെ സംഘടന ഇല്ലെന്ന് മാത്രമല്ല, കാർഷിക നിയമത്തെ അനുകൂലിക്കുന്ന നിലപാട് കൂടിയാണ് മാൻ സ്വീകരിച്ചിരുന്നത്. കാർഷിക നിയമത്തെ അനുകൂലിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നിർദ്ദേശം സമർപ്പിച്ച അഖിലേന്ത്യ കിസാൻ കോർഡിനേഷൻ കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയാണ് മുൻ രാജ്യസഭാംഗം കൂടിയായ മാൻ.






