ന്യൂദൽഹി- കർഷക സമരം പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് സുപ്രീം കോടതി. സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു. കർഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. അതേസമയം, കർഷകർ ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മൂന്നു നിയമങ്ങളും പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോർട്ട് നൽകുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.






