തിരുവനന്തപുരം- എൻ.സി.പി പ്രതിസന്ധി തീർക്കുന്നതിന് മുഖ്യമന്ത്രിയുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ എൻ.സി.പി ഉറച്ചുനിന്നു. പാലാ സീറ്റ് നൽകാമെന്ന കാര്യത്തിൽ ഉറപ്പുനൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് എൻ.സി.പി നേതാവ് പീതാംബരൻ മാസ്റ്റർ പറഞ്ഞു. നാല് സീറ്റും കിട്ടണമെന്ന ഉറച്ച നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വന്നതുകൊണ്ട് മുന്നണിക്ക് കാര്യമായ നേട്ടം ഉണ്ടായിട്ടില്ല. സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചതാണ് വിജയത്തിന് കാരണമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.