തിരുവനന്തപുരം- ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി സംസ്ഥാന സർക്കാറിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. മടിയിൽ കനമില്ല എന്ന് ആവർത്തിച്ചു പറയുകയും നിഷ്പക്ഷമായ അന്വേഷണം ഏതു വിധേനയും ആട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടി കൂടിയാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണക്കാർക്ക് വീട് വെച്ച് നൽകാനായി വിഭാവനം ചെയ്ത ഒരു പദ്ധതിയിൽ 40 ശതമാനത്തിന് മുകളിൽ കമ്മീഷൻ വാങ്ങാൻ പാകത്തിന് അഴിമതിക്ക് കളമൊരുക്കുകയും, ആരോപണം ഉന്നയിച്ചവരെ തേജോവധം ചെയ്യുകയും, ഒടുവിൽ അന്വേഷണം തടയാൻ കോടതി കയറുകയും ചെയ്യേണ്ടി വരുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിന് അപമാനകരമാണ്.
സ്വർണ്ണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യമൊരുക്കാനുള്ള പദ്ധതിയായി ലൈഫിനെ മാറ്റുകയായിരുന്നു കേരള സർക്കാർ. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ലൈഫ്മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ആദ്യാവസാനം വരെ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിലൂടെ കൂടുതൽ സത്യം പുറത്ത് വരുമെന്ന് പ്രത്യാശിക്കാം. പാവപ്പെട്ടവർക്ക് വീട് വയ്ക്കാനുള്ള പദ്ധതിയെവരെ കമ്മീഷൻ അടിക്കാനുള്ള അവസരമായി കണ്ട പിണറായി വിജയൻ സർക്കാരിനെതിരേയുള്ള യു ഡിഎഫിന്റെ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും ചെന്നിത്തല പറഞ്ഞു.