Sorry, you need to enable JavaScript to visit this website.

മണൽ കുന്നുകളിലേക്ക് ബൈക്ക് ഓടിച്ചു കയറാൻ സഞ്ചാരികളുടെ ഒഴുക്ക്

ഹേമന്ത കാലത്തിന്റെ  ശീതക്കാറ്റേറ്റ്  മണൽ കുന്നുകളിലേക്ക് ബൈക്കോടിച്ചു കയറി മരുഭൂമിയെ ആവോളം ആസ്വദിക്കുകയാണ് റിയാദിലെ സഞ്ചാരികൾ. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ചെറുപട്ടണമായ മുസാമിയക്കടുത്താണ്  സഞ്ചാരികളുടെ പ്രിയപ്പെട്ട  'റെഡ് സാൻഡ്' (ചുവന്ന മരുഭൂമി).   ഈ വർഷത്തെ  ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയാണ്  റിയാദിലിപ്പോഴുള്ളത്. അനുകൂല കാലാവസ്ഥയിൽ നഗരത്തിലെ മാളുകളിലെ ചുവരുകൾക്കുള്ളിലെ വിനോദങ്ങളിൽ ഒതുങ്ങാതെ  പ്രകൃതിയുടെ അനന്തമായ ആഘോഷ സാധ്യതകൾ തേടുകയാണ് ആസ്വാദകർ. കൗതുകങ്ങൾ ഒളിപ്പിച്ച് താളത്തിനൊപ്പം ചുവടു വെക്കുന്ന കടൽ തിരമാലകളുടെ മടക്കുകൾ പോലെ ഉയർന്നും താഴ്ന്നും കിടക്കുന്ന മണൽ മടക്കുകളിലെ കൗതുകം തേടിയാണ് ബൈക്ക് യാത്രികരുടെ സഞ്ചാരം.

റൈഡ് ബൈക്കുകൾക്ക്  മണിക്കൂറിന് നാൽപത് റിയൽ മുതൽ എൺപത് റിയാൽ വരെ വാടക നൽകണം. ഞായർ മുതൽ ബുധൻ വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കുറഞ്ഞ വാടകക്ക് ബൈക്കുകൾ ലഭ്യമാകും. നൂറുകണക്കിന് ബൈക്കുകളുള്ള റെഡ് സാൻഡിൽ പക്ഷേ വെള്ളി, ശനി ദിവസങ്ങളിൽ പണം മുൻകൂർ നൽകി കാത്തു നിൽക്കേണ്ടി വരും. ടൂർ കമ്പനികളും സൗഹൃദക്കൂട്ടായ്മകളും കൂട്ടമായാണ് സവാരിക്കെത്തുക.അതിരാവിലെ ഭക്ഷണ സാധങ്ങളെല്ലാം കരുതി ഒരുങ്ങിയാണ് പല സംഘങ്ങളും ഇവിടെയെത്തുന്നത്. റേസിങ് മേഖലയുടെ തൊട്ടടുത്ത ഭാഗത്ത്  100 മുതൽ 200 റിയാൽ വരെയുള്ള ചെറിയ വാടകക്ക് ഇരുട്ടും വരെ ഖൈമകൾ (മരുഭൂ ടെന്റുകൾ) ലഭ്യമാണ്.

ഭക്ഷണം ഉണ്ടാക്കുന്നതിനും വിശ്രമിക്കുന്നതിനും ഇത് പലരും വാടകക്കെടുക്കും. അതിരാവിലെയും സായാഹ്‌ന സമയത്തുമാണ് മണൽ കുന്നുകളിലേക്കുള്ള യാത്ര ഏറ്റവും മനോഹരമാകുന്നത്. സൂര്യാസ്തമയ സമയത്തെ പൊന്നിൻ കിരണമേറ്റ മരുഭൂമിയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താനും ആ സമയത്ത് ബൈക്കുകൾ പറത്താനും സഞ്ചാരികൾ മത്സരിക്കുന്ന കാഴ്ച വിസ്മയമാണ്. രാജ്യത്തിന്റെയും ക്ലബുകളുടെയും കൂട്ടായ്മകളുടെയും കൊടികൾ ഉയർത്തിപ്പിച്ചു ചെങ്കുത്തായ മണൽ മടക്കുകളിലേക്ക് ചീറിപ്പാഞ്ഞു പോകുന്നതും അതേ വേഗത്തിൽ താഴോട്ട്  മൺചാലുകൾ തീർത്ത്  ഒലിച്ചിറങ്ങുന്നതും  അത്ഭുതകരവും അവിസ്മരണീയവുമായ കാഴ്ചയാണ് സമ്മാനിക്കുക. ബൈക്കിന് പുറമെ   അസംഖ്യം ഓഫ് റോഡ് വാഹനങ്ങളും റെഡ് സാൻഡിലുണ്ടാകും.

ഫോർ വീൽ വാഹനങ്ങളിൽ  പ്രകടനങ്ങൾ നടത്തുന്നവരിൽ ബഹുഭൂരിപക്ഷവും അഭ്യാസികളായ സ്വദേശി കൗമാരക്കാരാണ്. ദൂരെ നിന്ന് അതിവേഗത്തിൽ വാഹനമോടിച്ചു കയറി  മനോഹരമായ മണൽ കൂനകൾ  തകർത്ത് മുന്നേറുകയാണ് ഇവരുടെ പ്രധാന വിനോദം. രണ്ടാം ഘട്ട അഭ്യാസത്തിന് മണൽ മലയിറങ്ങിയെത്തുമ്പോഴേക്കും  നിമിഷ വേഗത്തിൽ  അതിന്റെ സർഗ മികവിൽ തകർത്തതിനേക്കാൾ മനോഹരമായ പുതിയ മൺകൂനകളുടെ  പണിതീർത്ത് കാറ്റ് മടങ്ങിയിട്ടുണ്ടാകും. നിങ്ങൾ തകർക്കുന്നതിനേക്കാൾ മനോഹരമായി ഞങ്ങൾ സൃഷിടിക്കുമെന്ന്  പ്രകൃതി വെല്ലുവിളിക്കും പോലെയൊരു ഫീലുണ്ടാക്കുന്നതാണ് ഈ കാഴ്ച. അഭ്യാസികൾ അക്രമാസക്തരായി വെല്ലുവിളി കടുപ്പിക്കുമ്പോൾ അവർക്കിട്ട്  പണികൊടുക്കും പോലെ അപ്രതീക്ഷിതമായി മണൽ ചുഴികളുണ്ടാക്കി വാഹനങ്ങളെ അതിൽ കുടുക്കി താത്കാലിക പ്രതിസന്ധിയിൽ പേടി കുരുക്കുന്നത് പ്രകൃതിയുടെ  വിനോദമാണ്. ഇങ്ങനെ മണൽ കാടിന്റെ ചുഴിയിൽ പെടുന്നവരെ സഹായിക്കാൻ  ചെറുപ്പക്കാരുടെ സംഘം അവിടെ കറങ്ങുന്നുണ്ടാകും.

വലിയ കയറുകൾ ഉപയോഗിച്ച് കെട്ടി വലിച്ചു മണൽ കുരുക്കിൽ കുടുങ്ങിയ വാഹനങ്ങളെ പുറത്തെടുക്കും. ആ സമയത്തെ  വാഹന ഉടമയുടെ  ആഹ്ലാദം  ആസ്വദിക്കുകയല്ലാതെ മറ്റു നേട്ടങ്ങളൊന്നും അവർ ലക്ഷ്യം വെക്കുന്നില്ല. ഇതിനെല്ലാം സാക്ഷിയായി  മനോഹരമായ ചിറകുകൾ വിരിച്ചു പറക്കുന്ന ചിത്രശലഭങ്ങളുടെ സവാരി ആസ്വദിക്കും പോലെ മരുഭൂ കോർട്ടിന് പുറത്തിരുന്ന് ആവി പാറുന്ന സുലൈമാനിയും  അറബിക് ഖഹ്‌വയും മാറി മാറി  നുകരുന്നവരുടെ കൂട്ടങ്ങളും കുറേയുണ്ടവിടെ.  അവധി ദിവസം ചെലവ് കുറഞ്ഞ, വിലമതിക്കനാകാത്ത പ്രകൃതിയെ ആസ്വദിച്ചാണ് ഞങ്ങൾ തിരിച്ചു പോകുന്നതെന്ന്  അവിടെ നിന്ന് മടങ്ങുന്ന ഓരോ സഞ്ചാരിയുടെയും മുഖം വിളിച്ചു പറയും.

Latest News