Sorry, you need to enable JavaScript to visit this website.
Monday , January   25, 2021
Monday , January   25, 2021

കോഴിപ്പാറയിലേക്ക് ഒരു കുടുംബ യാത്ര

മലബാറിന്റെ ഉയർന്ന പർവത നിരകളെ മനോഹരമാക്കിയ വെള്ളച്ചാട്ടങ്ങളിൽ അതിമനോഹരമായ ഒന്നാണ് കോഴിപ്പാറ വാട്ടർ ഫാൾസ്. മലപ്പുറം-കോഴിക്കോട് ജില്ലാ വിഭജനത്തിൽ അതിർത്തിയിൽ പെട്ടുപോയ കക്കാടംപൊയിലിനോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ മനോഹരമായ ഒരു ഭൂപ്രദേശം.


 'കോഴിപ്പാറ' എന്ന പേര് കേൾക്കുമ്പോൾ ഒരു ശരാശരി മലയാളിക്ക് അത്ര രസകരമായി തോന്നില്ലായിരിക്കാം. എന്നാൽ അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് അതിമനോഹര വിസ്മയങ്ങളാണ്. അതിശയകരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ വെള്ളച്ചാട്ടം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.  ജംഗിൾ ട്രക്കിംഗ്, നീന്തൽ തുടങ്ങി  കാടിന്റെ ശാന്തതയിൽ മയങ്ങി വനത്തിനിടയിൽ വിശ്രമിക്കാനും  വ്യത്യസ്തങ്ങളായ നിരവധി പക്ഷികളെയും പൂമ്പാറ്റകളെയും അനവധി ഇനത്തിൽപെട്ട വിപുലമായ പൂക്കളെയും നിരീക്ഷിക്കുവാനും മനസ്സിലാക്കുവാനും ഇവിടെനിന്ന് സാധിക്കും. മിക്ക സമയവും മൂടൽമഞ്ഞു മൂടിയ പ്രദേശം. തണുത്ത കാലാവസ്ഥയിൽ ഇവിടെ നിന്ന് ലഭിക്കുന്ന സുഖാനുഭൂതി വേറിട്ടതാണ്. കനത്തതും വലിപ്പമേറിയതുമായ പാറക്കെട്ടുകൾക്കിടയിലൂടെ കുത്തിയൊലിച്ച് ഒഴുകി വരുന്ന ജലത്തിന് ഒരു പ്രത്യേക ശക്തിയുണ്ട്. അതാസ്വദിക്കുമ്പോൾ മനസ്സിന്റെ എല്ലാ ഭാരങ്ങളെയും അലിയിച്ച് കളയുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാനും കുടുംബത്തോടൊപ്പം  ദിവസം  സന്തോഷകരമായി ചെലവിടാനും പറ്റിയ സ്ഥലം. മുഴുവൻ അന്തരീക്ഷവും സമാധാനപരവും ശാന്തവുമാണ്.
 ഇടതൂർന്ന വനവും ആഴമേറിയ താഴ്‌വരകളുമുള്ള പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ് മലബാറിൽ സ്ഥിതിചെയ്യുന്ന അതിമനോഹരവും പ്രകൃതിരമണീയവുമായ പ്രദേശങ്ങളിൽ ഒന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കക്കാടംപൊയിൽ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടം ചോക്കാട് അരുവിയിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്ററും മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നു ഏകദേശം 47 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം. രണ്ടോ മൂന്നോ കുത്തനെയുള്ള ഹെയർ പിന്നുകൾ കടന്ന്  വളരെ അധികം വീതിയില്ലെങ്കിലും ഒരു കാറിനോ ട്രാവലറിനോ അനായാസം കടന്നുചെല്ലാൻ കഴിയുന്ന ടാർ ചെയ്ത നല്ല റോഡുകൾ.
ടൗണിൽ നിന്ന് പിന്നിടുമ്പോഴേക്കും തന്നെ തെളിഞ്ഞ നീലാകാശത്തിന് തൊട്ടു ചുവടെ പച്ചപുതച്ച വഴിയോരങ്ങൾ. ആകാശം മുട്ടി നിൽക്കുന്ന പർവതനിരകൾ. ഈറനണിയിച്ച തണുത്ത കാറ്റ് വന്ന് മുഖവും തലമുടിയും തലോടുമ്പോഴേക്കും ഉണ്ടാകുന്ന പ്രത്യേക സുഖം അത് വേറെ എവിടെയും കിട്ടില്ല. വാഴത്തോട്ടങ്ങളും, തിങ്ങിനിറഞ്ഞ വൃക്ഷങ്ങളും നെൽകൃഷി പാടങ്ങളും ഇടയിലൂടെ പാഞ്ഞൊഴുകുന്ന ചെറിയ തോടുകളും അരുവികളും. വാലില്ലാപുഴയും  ഇരവഞ്ഞിപ്പുഴയും മത്സരിച്ചൊഴുകി അണിയിച്ചൊരുക്കിയ വിസ്തൃതമായ പ്രദേശത്തിലെ വളരെ ഉള്ളോട്ട് കടന്ന് ഒരു കൊച്ചു ഭൂപ്രദേശമാണ് വള്ളാംതൊടിലെ ഈ വെള്ളച്ചാട്ടം.


ഞങ്ങളവിടെ എത്തുമ്പോൾ പ്രകൃതി ഞങ്ങൾക്ക് മേൽ ചാറ്റൽമഴ വർഷിക്കുകയായിരുന്നു. അന്ധകാരം മലയോരത്തെ വലയം ചെയ്യുന്നതിനു മുമ്പായി  സംഘം കോഴിപ്പാറയോട് വിട ചൊല്ലി കൂടരഞ്ഞി, മുക്കം, കുന്ദമംഗലം വഴി വഴിയോരക്കാഴ്ചകൾ ആവോളം ആസ്വദിച്ച് നഗരത്തിന്റെ തിരക്കിലേക്ക് തിരിച്ചെത്തി.
കോഴിക്കോട് ടൗണിൽനിന്നും യാത്രക്കൊരുങ്ങുന്നവർക്ക് കോഴിപ്പാറയിലേക്ക് പെരുമണ്ണ-കായലം റോഡ് തെരഞ്ഞെടുക്കുന്നത് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കും. ഈ വഴിയിലാണ് ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്. മറ്റൊരു കാഴ്ചയാണ് ഈ പാലം നമുക്കൊരുക്കുന്നത്.  മത്സ്യത്തൊഴിലാളികൾക്ക് ഒരുപാട് അവസരം നൽകുന്ന ഈ പാലം ടൂറിസം വകുപ്പ് മനസ്സുവെച്ചാൽ  അനേകം സാധ്യതകളുടെ ഒരു തുറന്ന കാഴ്ചാലോകം തന്നെയൊരുക്കാം.
ഊർക്കടവ് സന്ദർശിച്ച് മാവൂർ വഴിയാവട്ടെ നിങ്ങളുടെ കോഴിപ്പാറ യാത്ര.


സഞ്ചാര പ്രേമികൾക്കും സന്ദർശകർക്കും ഇണങ്ങിച്ചേരുന്ന പ്രകൃതി സൗന്ദര്യ സമൃദ്ധമാണ് ഇവിടം. ഒരു നല്ല പിക്‌നിക് പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് ഇവിടം. കോഴിപ്പാറ  വെള്ളച്ചാട്ടത്തിന് പുറമെ കക്കയം, പെരുവണ്ണാമൂഴി, കക്കാടംപൊയിൽ എന്നിവ കുറഞ്ഞ ദൂര വ്യത്യാസത്തിൽ മാത്രമാണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ  ലക്ഷ്യസ്ഥാനത്തേക്ക്് പുറപ്പെടുന്നവർ അറിയുക, ഇവിടെ തിങ്കളാഴ്ച ദിവസങ്ങളിൽ അവധിയാണ്. 

Latest News