ട്രംപ് അനുയായികള്‍ വ്യാപക സായുധ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി മുന്നറിയിപ്പ്

വാഷിങ്ടൻ- നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാന നഗരങ്ങളില്‍ ട്രംപ് അനുകൂലികള്‍ വ്യാപക സായുധ പ്രക്ഷോഭത്തിന് കോപ്പുകൂട്ടുന്നതായി എഫ്.ബി.ഐ മുന്നറിയിപ്പു നല്‍കി. ട്രംപ് അനുയായികളുടെ ഭീഷണി കണക്കിലെടുത്ത് നാഷണല്‍ ഗാര്‍ഡ് രാജ്യതലസ്ഥാനമായ വാഷിങ്ടനില്‍ 15000 സേനാംഗങ്ങളെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 24വരെ വാഷിങ്ടന്‍ സ്മാകത്തിലേക്ക് ടൂറിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജനുവരി 20നാണ് പുതിയ പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കുന്ന പരിപാടി. അമേരിക്ക യുനൈറ്റഡ് എന്നായിരിക്കും പരിപാടിയുടെ പ്രമേയമെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജനുവരി 16 മുതല്‍ 20 വരെയാണ് സായുധ പ്രക്ഷോഭത്തിന് സാധ്യതയെന്നാണ് എഫ്ബിഐ മുന്നറിയിപ്പു നല്‍കിയിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയോടെ വാഷിങ്ടനില്‍ വേണ്ടത്ര സുരക്ഷാ സൈനികര്‍ വിന്യസിക്കപ്പെടുമെന്ന് നാഷണല്‍ ഗാര്‍ഡ് ബ്യൂറോ മേധാവി ജനറല്‍ ഡാനിയല്‍ ഹോകന്‍സണ്‍ പറഞ്ഞു.
 

Latest News