Sorry, you need to enable JavaScript to visit this website.

യുഎസില്‍ ആള്‍ക്കുരങ്ങിനും കോവിഡ്

വാഷിങ്ടന്‍- കാലിഫോര്‍ണിയയിലെ സാന്‍ ദിയെഗോ മൃഗശാലയില്‍ രണ്ടു ഗറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലഭ്യമായ വിവരമനുസരിച്ച് ലോകത്ത് ആദ്യമായാണ് ആള്‍ക്കുരങ്ങുകള്‍ക്ക് കൊറോണ വൈറസ് ബാധയേല്‍ക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഈ ആള്‍ക്കുരങ്ങുകള്‍ക്ക് ചുമ ആരംഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡാണെന്ന് ഉറപ്പിച്ചു. മൂന്നാമതൊരു ആള്‍ക്കുരങ്ങിനു കൂടി രോഗ ലക്ഷണങ്ങളുണ്ടെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം പറഞ്ഞു. പ്രത്യക്ഷ കോവിഡ് ലക്ഷണങ്ങളില്ലാത്ത ഒരു മൃഗശാല സ്റ്റാഫില്‍ നിന്നാണ് ആള്‍ക്കുരങ്ങകളിലേക്ക് രോഗം പടര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല. ചുമയും ജലദോഷവും ഉണ്ടെങ്കിലും ഗറില്ലകള്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഇവയുമായി സമ്പര്‍ക്കമുണ്ടായ മറ്റു ഗറില്ലകളേയും അടക്കം എല്ലാവരേയും ഒരുമിച്ച് ക്വാറന്റീനില്‍ ആക്കിയിരിക്കുകയാണ്. എല്ലാവരും നന്നായി കുടിക്കുകയും തിന്നുകയും ചെയ്യുന്നുണ്ടെന്ന് മൃഗശാല ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ പറഞ്ഞു.

സതേണ്‍ കാലിഫോര്‍ണിയയില്‍ കോവിഡ് വ്യാപകമായി പടര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ ആദ്യവാരത്തോടെ തന്നെ സാന്‍ ദിയെഗോ സഫാരി പാര്‍ക്ക് അധികൃതകര്‍ അടച്ചിരുന്നു. അതിനു ശേഷം സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഗറില്ലകളെ പരിപാലിക്കുന്ന ജോലിക്കാര്‍ എല്ലാവരും പിപിഇ കിറ്റും മാസ്‌കും ധരിക്കണമെന്ന നിബന്ധനയും ഉണ്ട്. ഗറില്ലകളുടെ ഡിഎന്‍എ മനുഷ്യരുടേതുമായി 98 ശതമാനം സാമ്യമുണ്ട്. ആള്‍ക്കുരങ്ങുകള്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു.
 

Latest News