Sorry, you need to enable JavaScript to visit this website.

കോടമഞ്ഞ് കാണാൻ കൂരുമലയിലേക്ക് പോന്നോളൂ

കൂരുമല ഹിൽസ്‌റ്റേഷനിലെ കാഴ്ച

കൊച്ചി- കണ്ട കാഴ്ചകൾ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അൽപം മാറ്റിപ്പിടിക്കാൻ യാത്രാ ഭൂപടത്തിൽ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നതൊക്കെ വെറും പഴങ്കഥയാക്കി തൊട്ടടുത്തുള്ളതും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്നതമായ ഇടങ്ങളിലേക്ക് സഞ്ചാരികൾ പോയിത്തുടങ്ങി. അതു കൊണ്ട് തന്നെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കി വരികയാണ്. 


എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണ് കൂരുമല. ഡിസംബർ, ജനുവരി മാസങ്ങളിലും, മൺസൂൺ മാസങ്ങളിലുമാണ് കൂരുമലയുടെ ഭംഗി കൂടുതൽ ആസ്വാദ്യകരമാവുന്നത്. പ്രഭാതത്തിലെയും സന്ധ്യയിലെയും കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ച കൂരുമലയിലേക്ക് യാത്രാപ്രേമികളെ അടുപ്പിക്കുന്നു.
മലമുകളിൽ നടന്നുകയറി മലനിരകളുടെ ഭംഗി ആസ്വദിക്കാനും കാറ്റു കൊള്ളാനും രാത്രിയിൽ നക്ഷത്രങ്ങളെ കണ്ടു കിടക്കാനും മറ്റുമായി അടുത്ത പ്രദേശങ്ങളിലെ ആളുകൾ നേരത്തെ തന്നെ സന്ദർശിക്കാറുണ്ടായിരുന്ന കൂരുമല വികസിപ്പിച്ചെടുത്താൽ നല്ലൊരു ഹിൽസ്റ്റേഷനാകും. ഉയരത്തിലുള്ള പാറകൾ നിറഞ്ഞതിനാൽ സാഹസിക ടൂറിസം ഇഷ്ടമുള്ളവർക്കും സന്ദർശിക്കാൻ പറ്റിയൊരിടമാണ് കൂരുമല. അത്തരക്കാർക്കായി റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവുമുണ്ട്. 


കൂരുമലയിലെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂരുമല ടൂറിസം പദ്ധതിക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലുള്ള വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂരുമലയിലേക്കുള്ള നടപ്പാത, മലമുകളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനുള്ള മണ്ഡപം എന്നിവ തയാറായി കഴിഞ്ഞു.
മലനിരകളുടെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടി വാച്ച് ടവറും പൂർത്തിയായിക്കഴിഞ്ഞു. കൂരുമല ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ വർഷം ജൂലൈയിൽ നിർവഹിച്ചിരുന്നു.


കൂരുമലയിലേക്ക് എത്താൻ എറണാകുളത്ത് നിന്നാണെങ്കിൽ പിറവം വഴി ഇലഞ്ഞിയിലെത്താം. ഇവിടെ നിന്ന് കൂരുലയുടെ താഴ്വാരത്തിലേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. കോട്ടയം റൂട്ടിലൂടെ എത്തുന്നവർക്ക് കുറവലങ്ങാട് വഴി ഇലഞ്ഞി എത്താം.

 

Latest News