റിയാദ്- കോവിഡ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാവുകയും കോണ്‍സുലേറ്റുകളും എംബസികളും നിശ്ചലമാകുകയും ചെയ്തതോടെ കാലാവധി തീര്‍ന്ന പുതിയ ലേബര്‍ വിസകള്‍ റദ്ദാകില്ല.
വിസ സ്റ്റാമ്പ് ചെയ്ത് സൗദിയിലേക്ക് വരാന്‍ സാധിക്കാതെ വിസ കാലാവധി തീര്‍ന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളും വഴി കാലാവധി നീട്ടി നല്‍കുന്നുണ്ട്.
വിസയുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ അപേക്ഷ നല്‍കണമെന്ന് മാത്രം.
കഴിഞ്ഞ ദിവസം മുംബൈ സൗദി കോണ്‍സുലേറ്റ് ഇത് സംബന്ധിച്ച് ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. പുതിയ വിസ സ്റ്റാമ്പ് ചെയ്ത് നിശ്ചിത തിയ്യതിക്കകം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതിരിക്കുകയോ അല്ലെങ്കില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ സാധിക്കാതെ കാലാവധി തീരുകയോ ചെയ്താലും വിസ അയച്ച തൊഴിലുടമയുടെ അപേക്ഷ കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചാല്‍ മതി.
സൗദിയില്‍ നിന്ന് തയ്യാറാക്കുന്ന അപേക്ഷ സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ ശേഷമാണ് കോണ്‍സുലേറ്റിലേക്ക് അയക്കേണ്ടത്. നാട്ടില്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് രേഖയും ഇതോടൊപ്പം സമര്‍പ്പിച്ചാല്‍ വിസ വീണ്ടും അടിച്ച് കിട്ടും.
വിമാന സര്‍വീസ് ആരംഭിക്കാത്തതിനാല്‍ ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ വിമാന സര്‍വീസ് ആരംഭിച്ച ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.
പലരും ഇത്തരം വിസകള്‍ രണ്ടാമത് സ്റ്റാമ്പ് ചെയ്ത് സൗദിയിലെത്തിയിട്ടുണ്ട്. അതേ സമയം തൊഴിലുടമ വിസ കാന്‍സല്‍ ചെയ്താലോ അപേക്ഷ നല്‍കാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്താല്‍ വിസ വീണ്ടും സ്റ്റാമ്പ് ചെയ്യാനാവില്ല.