ഓക്‌സഫഡ് വാക്‌സിന്‍ ഒരു ഡോസിന് 200 രൂപ; കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി

ന്യൂദല്‍ഹി- ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും മരുന്ന് കമ്പനിയായ അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊറോണ വൈറസ് പ്രതിരോധ മരുന്നായ കോവിഷീല്‍ഡ് ഒരു ഡോസിന് 200 രൂപ നിരക്കില്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് പ്രത്യേക വില നിശ്ചയിച്ചത്. ആദ്യ പത്തു കോടി ഡോസുകളാണ് ഈ വിലയ്ക്ക് നല്‍കുന്നതെന്ന് സിറം വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ഒരു ഡോസിന് 1000 രൂപ വിലവരുമെന്ന് സിറം മേധാവി അദാര്‍ പുനവാലെ നേരത്തെ പറഞ്ഞിരുന്നു. 

പ്രഥമ ഘട്ടത്തില്‍ 11 ദശലക്ഷം ഡോസുകളാണ് സിറം വിതരണം ചെയ്യുക. സര്‍ക്കാര്‍ ഓര്‍ഡര്‍ ലഭിച്ചതോടെ തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ പൂനെയിലെ സൂക്ഷിപ്പു കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ വിതരണത്തിനായി കയറ്റി അയക്കും. ജനുവരി 16നാണ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്നത്. നിശ്ചിത എണ്ണം വാക്‌സിന്‍ ഡോസുകൾ ഓരോ ആഴ്ചയും പുനെയില്‍ നിന്ന് വിതരണം ചെയ്യും.

Latest News