കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സെക്രട്ടറിയേറ്റിലെ ഇടതുസംഘടന

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന ഭീഷണിയുമായി സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ ലഘുലേഖ. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിന്റെ പേരെടുത്ത് പറഞ്ഞാണ് കൈവെട്ടുമെന്ന ഭീഷണിയുമായി ലഘുലേഖ പുറത്തിറക്കിയത്. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്തതിനുള്ള പ്രതികാരമായാണ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്ര ഏജന്‍സികളെയും ലഘുലേഖയില്‍ വിമര്‍ശിക്കുന്നുണ്ട്. 
സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ച അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണന്‍ എം.എസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കസ്റ്റംസിനെതിരെ ഭീഷണി മുഴക്കിയത്. 'തരമറിഞ്ഞ് കളിക്കണം, കൂട്ടിലടച്ച കസ്റ്റംസ്' എന്ന തലക്കെട്ടിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ അവിടെ ഉണ്ടാകില്ലെന്നാണ് ഭീഷണി. 
'സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ മേല്‍ കുതിരകയറാന്‍ വരുംമുമ്പ് വലിയ വലിയ കുതിരകള്‍ മണ്ണുതിന്ന ചരിത്രം കസ്റ്റംസ് ഞൊണ്ടിക്കുതിരകള്‍ ഓര്‍ക്കണം. കേന്ദ്രഭരണകൂടം വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്ന കൂട്ടിലടച്ച ലാലുമാര്‍ അല്ല സാക്ഷാല്‍ മുത്തുപട്ടര്‍ വന്നാലും എംപ്ലോയീസ് അസോസിയേഷന്റെ സംഘശക്തി എന്താണെന്ന് അറിഞ്ഞേ പോകൂ...' തുടങ്ങിയ ഭീഷണികളും സംഘടനാ ജനറല്‍സെക്രട്ടറി കെ.എന്‍.അശോക്കുമാറിന്റെ പേരിലുള്ള ലഘുലേഖയിലുണ്ട്. കൂടാതെ കസ്റ്റംസിനെതിരെ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും പൊതുഭരണ സെക്രട്ടറിക്കും സംഘടന പരാതി നല്‍കിയിട്ടുണ്ട്.

Latest News